മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
ന്യൂ ഡെൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. ബുധനാഴ്ച പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് പട്ടേൽ വിട വാങ്ങിയത്. മകൻ ഫൈസൽ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്.
യുപിഎ സർക്കാർ അധികാരത്തിലിരുന്ന പത്ത് വർഷവും പാർട്ടിയുടേയും സർക്കാരിലേയും നിർണായക അധികാര കേന്ദ്രമായിരുന്ന അഹമ്മദ് പട്ടേൽ. ഗാന്ധി-നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ൽ പാർട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു.
ഗുജറാത്തിൽ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേൽ പാർലമെൻ്റിൽ എത്തിയത്. മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നിന്നും 1976-ലാണ് കൗൺസിലറായി അഹമ്മദ് പട്ടേൽ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ഗാന്ധി – നെഹ്റു കുടുംബവുമായുള്ള ബന്ധത്തിൻ്റെ പുറത്ത് പിൻക്കാലത്ത് അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി ഉയർന്നു വരികയായിരുന്നു. 1987-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുൻപ് 1985-ൽ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാർലമെൻ്റെ സെക്രട്ടറിയായി നിയമിതനായിരുന്നു.
2004-ൽ യുപിഎ അധികാരത്തിൽ എത്തിയപ്പോൾ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സർക്കാരിൻ്റേയും മുന്നണിയുടേയും നടത്തിപ്പിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായിരുന്നുവെങ്കിലും കോൺഗ്രസ് ഭാഗമായ ഒരു സർക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല എന്നത് ഒരു കൗതുകമായി ബാക്കി നിൽക്കുന്നു.
ഈ വർഷം ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് പൊസീറ്റിവായെന്നും ഈ സാഹചര്യത്തിൽ താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൊവിഡിനെ തുടർന്ന് ആരോഗ്യനില വഷളായ അഹമ്മദ് പട്ടേലിനെ നവംബർ 15-നാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടർന്ന് അഹമ്മദ് പട്ടേൽ ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.