രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തത് ഭരണകൂട ഭീകരത : പ്രതിഷേധിച്ച് കോൺഗ്രസ്
തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തതിൽ വ്യാപക പ്രതിഷേധം. ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാതിരിക്കാന്‍ 144 പ്രഖ്യാപിച്ചും പൊലീസിനെ ഉപയോഗിച്ചും രാഹുല്‍ ഗാന്ധിയേയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും തടയുകയാണു ചെയ്തത്. ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കുഴിച്ചുമൂടി. രാഹുല്‍ഗാന്ധിക്കു നേരേ കയ്യേറ്റം ഉണ്ടാകുകയും അദ്ദേഹം നിലത്തുവീഴുകയും ചെയ്തു. ഹത്രാസിലേക്ക് ഒറ്റയ്ക്കു പോകാന്‍ തയാറായ രാഹുല്‍ ഗാന്ധിയെ അതിന് അനുവദിക്കുന്നതിനു പകരം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന റിപ്പോര്‍ട്ട് പോലും വ്യാജമാണെന്നു സംശയിക്കണം. കുടുംബത്തെ ബന്ദിയാക്കിയിട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്‌കരിച്ചത്. രാജ്യത്തിന്റെ ഹൃദയം തകര്‍ത്ത കിരാതമായ നടപടിയാണിത്. ഇവരുടെ ഏറ്റവും വലിയ ഇരകള്‍ ദളിതരും സ്ത്രീകളുമാണ്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഒന്നടങ്കം ഉണരണമെന്നും അദ്ദേഹം പറഞ്ഞു.
ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സ്ഥലം സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും തടയുകയും ആക്രമിക്കുകയുമാണ് യുപി പൊലീസ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയുടെ നേർചിത്രമാണിത്.
കാൽനടയായി 168 കിലോമീറ്റർ സഞ്ചരിക്കാൻ തീരുമാനിച്ചപ്പോൾ സംഘർഷമുണ്ടാക്കി തിരിച്ചയയ്ക്കാനാണ് പൊലീസ് ശ്രമിച്ചത്. നിങ്ങളുടെ ലാത്തിക്ക്, മോദിയുടെയും യോഗി ആദിത്യനാഥിന്റെയും കൽപ്പനകളുടെ പിൻബലം മാത്രമേ ഉണ്ടാകൂ. എന്നാൽ രാഹുലിനും പ്രിയങ്കയ്ക്കും പിന്നിൽ ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കമുണ്ട്–രമേശ് ചെന്നിത്തല പറഞ്ഞു.