ഐ സി യു വിലേക്കുള്ള വൈദ്യുതി നിലച്ചു, ശ്വാസം കിട്ടാതെ രണ്ട് രോഗികൾ മരിച്ചു.
കോയമ്പത്തൂർ: തമിഴ്‌നാട്| തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ സി യുവിലേക്കുള്ള വൈദ്യുതി നിലച്ചതിനാല്‍ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. കൊവിഡ് രോഗലക്ഷണങ്ങളോടെ ദിവസങ്ങള്‍ക്ക് മുമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെങ്കിടേശ്പുരം സ്വദേശിയായ കൊരവന്‍(59), മുരുകാനന്ദപുരം സ്വദേശിനിയായ യശോദ(67) എന്നിവരാണ് മരിച്ചത്. വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ പമ്ബുകള്‍ മൂന്ന് മണിക്കൂര്‍ നേരം പ്രവര്‍ത്തനരഹിതമായെന്നാണ് മരിച്ച രോഗികളുടെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍ പവര്‍ ബാക്കപ്പ് ഉള്ളതിനാല്‍ ഓക്‌സിജന്‍ വിതരണത്തെ ബാധിച്ചിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ കെ വിജയ കാര്‍ത്തികേയന്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു.
എന്നാല്‍, ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തില്‍ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വൈദ്യുതി നിലച്ചതോടെ ഐ സി യുവിലേക്കുള്ള കണക്ഷന്‍ നിലക്കുകയും ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. ഇതേതുടര്‍ന്ന് രോഗികള്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരുടെ വീഴ്ചക്കെതിരെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.