പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ.
ജനീവ: ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്നിന്‍റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്‍റെ അടിസ്ഥാന സ്വഭാവം-യുഎന്‍ മനുഷ്യാവകാശ വക്താവ് ജെറമി ലോറന്‍സ് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരെ യുഎന്‍ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. നിയമം പാസാക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷാക്ക് വിലക്കേര്‍പ്പെടുത്തുമെന്നും യുഎസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.
അതേസമയം, നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം കനക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ, ദില്ലിയില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ഗുവാഹത്തിയില്‍ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ നിന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പിന്‍മാറി. ആഭ്യന്തര മന്ത്രി അമിത് ഷാ ഷില്ലോങ് യാത്ര മാറ്റിവെക്കുകയും ചെയ്തു.