അമ്മ നോക്കുന്നില്ലെന്ന് പരാതി; മനോരോഗിയായ മകളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
തൃശ്ശൂര്‍ : മാനസികാരോഗ്യ പ്രശ്നമുള്ള സഹോദരിക്ക് ആവശ്യമായ ചികിത്സ നൽകാൻ അമ്മയും അമ്മയുടെ ഇളയമ്മയും അനുവദിക്കുന്നില്ലെന്ന് കാട്ടി മൂത്ത സഹോദരി നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ത്രേട്ട് കോടതിയുടെ നിർദേശപ്രകാരം രോഗിയായസഹോദരിയെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറേകോട്ടയിലെ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.തൃശൂർ അഞ്ചേരിച്ചിറയിലാണ് സംഭവം.
മൂത്തസഹോദരി തൃശ്ശൂർ ജില്ലാ കലക്റ്റർ എസ് ഷാനവാസിന് നൽകിയ പരാതിയെത്തുടർന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസറും ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം ഓഫീസറും സംഭവമന്വേഷിച്ചു പരാതിയിൽ കഴമുണ്ടെന്നു കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിന്മേൽ വനിതാ സെൽ ഇൻസ്പെക്ടറും അന്വേഷണം നടത്തി. ഈ അന്വേഷണ റിപ്പോർട്ടുകളനുസരിച്ചാണ് ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ത്രേട്ട് മൂന്നാം കോടതി രോഗിയായ സഹോദരിയെ കോടതി മുൻപാകെ ഹാജരാക്കാൻ ഉത്തരവിട്ടത്.
കോടതി ഉത്തരവിനെ തുടർന്ന് തൃശ്ശൂർ എൽ ആർ തഹസിൽദാർ എം കെ ഇന്ദു ,ഡെപ്യുട്ടി തഹസിൽദാർ നിഷ ആർ ദാസ് ,വനിതാ ശിശു വികസന വകുപ്പ് ഓഫീസർ ഷീബ എൽ നാലപ്പാട്ട്,ജില്ലാ മാനസികാരോഗ്യ പരിപാടി ഓഫീസർമാരായ ജിമ്മിക്ക് ജോർജ് ,ലബീന കെ,അരുൺ റോയ്,ഒല്ലൂർ എസ് ഐ എസ്. സിനോജ് ,വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ സിന്ധു പി.ജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം രോഗിയായ സഹോദരിയെ പാർപ്പിച്ച വീട്ടിലെത്തി അവരെ മജിസ്ത്രേട്ടിന്റെ നിർദ്ദേശാനുസരണം ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു . ഇവരുടെ മൊഴി ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ത്രേട്ട് ഇന്ന് രേഖപ്പെടുത്തും.