ശബരിമല യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പാക്കണം : ജസ്റ്റിസ് ആർ.എഫ് നരിമാൻ.

">

ന്യൂഡൽഹി: ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള യുവതികളെ പ്രവേശിപ്പിക്കണമെന്ന 2018ലെ വിധി നടപ്പാക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ആർ.എഫ് നരിമാൻ. മറ്റൊരു കേസിന്‍റെ വാദം കേൾക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് വാക്കാലാണ് ജസ്റ്റിസ് നരിമാൻ ഇക്കാര്യം നിർദേശിച്ചത്. യുവതീ പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുമെന്ന് സർക്കാറിനെ അറിയിക്കണം. തന്‍റെ വിയോജന വിധി പ്രസ്താവത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി വിധി തമാശയല്ലെന്നും ജസ്റ്റിസ് നരിമാൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

വിധി നടപ്പാക്കുള്ളതല്ലെന്ന തരത്തിലുള്ള ഒരു തോന്നൽ നിങ്ങളുടെ ഉദ്യോഗസ്ഥന്മാർക്കിടയിലുണ്ട്. വിധി നടപ്പാക്കാനുള്ളതാണെന്നും അത് ലംഘിക്കാൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് നരിമാൻ ഒാർമ്മിപ്പിച്ചു. ശബരിമല യുവതീ പ്രവേശനം അനുവദിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയ തീരുമാനത്തോട് ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാനും ഡി.വൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ, മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം എന്നിവ ശബരിമല യുവതീ പ്രവേശന കേസ് കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിൽ വരുന്നില്ല. അതുകൊണ്ട് ശബരിമല സ്ത്രീ പ്രവേശനവുമായി ഇത് കൂട്ടിക്കുഴക്കേണ്ടെന്നും ജസ്റ്റിസ് നരിമാൻ എഴുതിയ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്ത്രീകളുടെ ജനിതകഘടനവെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാൽപര്യ ഹരജിയിലെ ചോദ്യത്തിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി വിധിക്കെതിരായ വിമർശനം അനുവദനീയമാണ്. പക്ഷെ അത് അട്ടിമറിക്കാനുള്ള സംഘടിതശ്രമം അനുവദിച്ച് കൂടാ. കോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞാൽ അത് അന്തിമവും എല്ലാവർക്കും ബാധകവുമാണ്. വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors