കരുണയൊരുക്കിയ കാരുണ്യത്തണലിൽ 14 ഭിന്നശേഷിക്കാര്‍ക്ക് പുതുജീവിതം
ഗുരുവായൂര്‍: കരുണയൊരുക്കിയ കാരുണ്യത്തണലിൽ 14 പേർക്ക് പുതുജീവിതം. കരുണ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹത്തിൽ ഏഴ് ജോഡി ദമ്പതികൾ വിവാഹിതരായി. അനിൽ (പാലക്കാട്) – സുമ മോൾ (കാവശേരി), വിൽസൻ ഡേവിഡ് (കോടന്നൂർ) – സൗമ്യ (ചിറക്കൽ), ഗുരുസ്വാമി (കോയമ്പത്തൂർ) – ഷൈബ (ആനായ്ക്കൽ), സുരേഷ് (പാലക്കാട്) – അനിത (പാലക്കാട്), രാജേഷ് (അമ്മാടം) – ബേബി (കൂമൻകുളം), റോബി (കോട്ടയം) – സുമതി (കാസർകോഡ്), രാജേഷ് (പരിയാരം) – സരിത (കിഴൂർ) എന്നിവരുടെ വിവാഹമാണ് നടന്നത്.
കരുണ ഒരുക്കിയ വിവാഹ സംഗമത്തിൽ പങ്കെടുത്തവരുടെ വിവാഹങ്ങളാണ് നടന്നത്. ഇവർക്കാവശ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചിരുന്നു. വിവാഹ വിരുന്നും ഒരുക്കി. ടി.എൻ. പ്രതാപൻ എം.പി, കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, നഗരസഭാധ്യക്ഷ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ്, ജയരാജ് വാര്യർ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, സബ് ജഡ്ജ് ടി.എൻ. ശേഷാദ്രി എന്നിവർ ദമ്പതികൾക്ക് ആശംസ നേരാനെത്തി. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷ്, സെക്രട്ടറി രവി ചങ്കത്ത്, വേണു പ്രാരത്ത്, ഫാരിദ ഹംസ, വിശ്വനാഥൻ ഐനിപ്പുള്ളി, ചുള്ളി പറമ്പില്‍ ശ്രീനിവാസന്‍ എന്നിവർ വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കരുണയുടെ അടുത്ത വൈവാഹിക സംഗമം ജനുവരി 19 ന് നടക്കും