വിട്ടയക്കണം എന്നാവശ്യപ്പെട്ട് നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരത്തിൽ.
ചെന്നൈ : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരത്തിൽ. ശിക്ഷാ കാലാവധി കുറച്ച് നേരത്തെ ജയിലിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. ജയിലധികൃതർക്കയച്ച കത്തിൽ താനും ഭർത്താവ് മുരുകനും 28 വർഷമായി ജയിൽശിക്ഷ അനുഭവിക്കുകയാണെന്ന് നളിനി പറയുന്നു. ഇക്കാര്യമുന്നയിച്ച് നിരവധി തവണ അധികൃതർക്ക് കത്തുകളയച്ചു.
ഈ വർഷം ജൂലൈ 25 ന് പരോളിൽ പോയ നളിനി 51 ദിവസങ്ങൾക്കു ശേഷമാണ് തിരിച്ചെത്തിയത്. 2016 ല്‍ അച്ഛന്‍റെ മരണത്തെ തുടർന്ന് 12 മണിക്കൂർ പരോളും അനുവദിച്ചിരുന്നു.
ജയിലിൽ ജനിച്ച നളിനിയുടെ മകൾ ചരിത്ര ശ്രീഹരൻ ഇപ്പോൾ ലണ്ടനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റു 14 പേരും എല്‍ടിടിഇ മനുഷ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ശ്രീ പെരുംമ്പത്തൂരിൽ വച്ചായിരുന്നു സംഭവം. കേസിൽ നളിനിയും ഭർത്താവ് മുരുകനുമുൾപ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.