വിജയത്തില്‍ എല്‍ഡിഎഫ് നന്ദി പറയേണ്ടത് സുകുമാരന്‍ നായരോട് : വെള്ളാപ്പള്ളി
കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ എല്‍ഡിഎഫ് നന്ദി പറയേണ്ടത് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടാണെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംഘനടകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന വിഎസിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.അരൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പരാജയമാണ് തോല്‍വിക്ക് ഒരു കാരണം. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും കിഴക്കന്‍ മേഖലയില്‍ നിന്നും വോട്ടു ശേഖരിക്കാന്‍ ഇടതുസ്ഥാനാര്‍ഥിക്ക് കഴിഞ്ഞില്ല.
ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇതിന് കഴിയുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക സംഘടനകളുടെ ഇക്വേഷന്‍സ് ഉണ്ട് എന്നത് നേരാണ്. ഇല്ല എന്ന് നമുക്ക് വാചാലമായി പറയാം. അത് ഒരു യാഥാര്‍ത്ഥ്യമായിരുന്നു എന്നതാണ് അരൂരില്‍ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഷാനിമോള്‍ക്ക് സ്വന്തം സമുദായത്തില്‍ നിന്ന് മുഴുവന്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ മനുവിന് സ്വസമുദായത്തില്‍ നിന്ന് വോട്ട് ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയിച്ച രണ്ട് ഇടതുസ്ഥാനാര്‍ഥികള്‍ പുഷ്പഹാരവുമായി ചങ്ങനാശേരിയില്‍ ചെന്ന് സുകുമാരന്‍നായരുടെ കഴുത്തിലിട്ട് സാഷ്ടാംഗം നമസ്‌കരിക്കിച്ച് ഇതുപോലെയുള്ള പ്രസ്താവനകള്‍ ശക്തമായി ഇനിയും നടത്തി ഇടതുപക്ഷത്തെ സഹായിക്കണമെന്ന് ആവശ്യപ്പെടണം. അദ്ദേഹമില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഈ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും ലഭിക്കില്ലായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് വിഎസിന്റെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു. ഒരു സമുദായവും രാഷ്ട്രീയത്തില്‍ ഇടപെടാതെ സമൂദായ കാര്യങ്ങള്‍ നേടുന്നതിനും മറ്റും മാത്രമായാണ് രാഷ്ട്രിയ പാര്‍ട്ടികളോട് ആവശ്യപ്പെടേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നു റിസല്‍ട്ട് വന്നതിന് പിന്നാലെ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. വട്ടിയൂര്‍ക്കാവും കോന്നിയുമുള്‍പ്പടെ ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍ ഊറ്റംകൊണ്ടു.
ആ അഹങ്കാരത്തിന് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. കോണ്‍ഗ്രസ് എന്‍എസ്‌എസിന്റെ കുഴിയില്‍ വീണു. ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല. ചകിരിച്ചോറാണ്. ജനവികാരം മനസിലാക്കണമെന്നും കെപിസിസി പ്രസിഡന്റ് വെറും സീറോയാണെന്നും ഈ പണി അവസാനിപ്പിച്ച് വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു.