Madhavam header
Above Pot

പമ്പ് ഉടമ മനോഹരന്റെ മൃതദേഹം തള്ളിയ മമ്മിയൂരിൽ തെളിവെടുപ്പ് നടത്തി

ഗുരുവായൂര്‍: കൈപ്പമംഗലത്തെ പെട്രോള്‍ പമ്പുടമ മനോഹരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം തള്ളിയ ഗുരുവായൂർ മമ്മിയൂരില്‍, മൂന്നുപ്രതികളേയും തെളിവെടുപ്പിന് കൊണ്ടുവന്നു. കൈപ്പമംഗലം ചളിങ്ങാട് കല്ലിപ്പറമ്പില്‍ അനസ് (20), മതിലകം കുന്നത്ത് വീട്ടില്‍ അന്‍സാര്‍ (21), കൈപ്പമംഗലം ബലിപ്പറമ്പ് കുറ്റിക്കാടന്‍ വീട്ടില്‍ സ്റ്റിയോ (20) എന്നിവരെയാണ് ഉച്ചയ്ക്ക് ഗുരുവായൂരിലെത്തിച്ചത്. ഒന്നാംപ്രതി അനസും, രണ്ടാംപ്രതി അന്‍സാറും, ഒരു ജീപ്പിലും, മൂന്നാം പ്രതി സ്റ്റിയോ മറ്റൊരു ജീപ്പിലുമായിട്ടാണ് പോലീസ് ഗുരുവായൂരിലെത്തിയത്.

Astrologer

മനോഹരനെ കൊന്നുതള്ളിയ മമ്മിയൂരിലെ പെട്രോള്‍ പമ്പിനരികില്‍, രണ്ടാംപ്രതി അന്‍സാറിനെ മാത്രമാണ് ജീപ്പില്‍ നിന്നുംപുറത്തിറക്കി തെളിവെടുപ്പ് നടത്തിയത്. ഈ സമയം പോലീസിന്റെ കനത്ത കാവലോടെ മറ്റ് രണ്ടു പേരേയും ജീപ്പിലിരുത്തി. കുറ്റബോധം കൊണ്ട് തികച്ചും വികാരാധീനരായിരുന്നു, ഒന്നും, രണ്ടും പ്രതികളായ അന്‍സാറും, അനസും. എന്നാല്‍ ജീപ്പിന് പുറത്തിറങ്ങാത്ത മറ്റൊരു ജീപ്പില്‍ ഒറ്റയ്ക്കിരുന്നിരുന്ന സ്റ്റിയോയ്ക്ക്, യാതൊരു കൂസലുമുണ്ടായിരുന്നില്ല. അറസ്റ്റ ചെയ്യപ്പെട്ട ദിവസം മീശപ്പിരിച്ചു വെച്ച് ”തലയെടുപ്പോടെ” നിന്നിരുന്ന അതേ ഭാവത്തില്‍ തന്നെയായിരുന്നു ഗുരുവായൂരിലെ തെളിവെടുപ്പു ദിവസവും സ്റ്റിയോ. ഇന്നലെ ഉച്ചയ്ക്ക് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നാലു ജീപ്പുകളിലായി 20-ഓളം പോലീസുകാരാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.. യാത്രക്കിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മനോഹരന്റെ മൃതദേഹം ഉപേക്ഷിക്കാനുള്ള സ്ഥലം തിരഞ്ഞാണ് മമ്മിയൂരിലെത്തിയത്.

വെളുപ്പിന് അഞ്ചുമണിയോടെ മമ്മിയൂരില്‍ ആളൊഴിഞ്ഞ കെട്ടിടം കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി. ആ സമയം രണ്ടുപേര്‍ നടന്നുവരുന്നതുകണ്ടു. അവര്‍ പോയശേഷം ആരുമില്ലെന്ന് ഉറപ്പ് വരുത്തിയായിരുന്നു മൃതദേഹം അവിടെ തള്ളിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. അന്‍സാറും, അനസും ചേര്‍ന്നാണ് മൃതദേഹം കാറില്‍നിന്നും വലിച്ചിഴച്ച് കെട്ടിടത്തിന്റെ മറവിലേക്ക് തള്ളിയത്. വണ്ടി ഓടിച്ചിരുന്ന സ്റ്റിയോ, ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി റോഡരികില്‍ മൂത്രമൊഴിക്കാന്‍ നില്‍ക്കുന്നതുപോലെ ഭാവിച്ചുനിന്നു. മരിച്ചിട്ടില്ലെന്ന് കരുതിയാണ് തങ്ങള്‍ മനോഹരനെ എല്‍.എഫ് കോളജിന് സമീപമുള്ള കെട്ടിടത്തിനരികെ ഉപേക്ഷിച്ചതെന്ന് പ്രതികള്‍ പറയുന്നു .

മനോഹരന്‍ മരിച്ചിട്ടില്ലെന്നും, ആരെങ്കിലും ആശുപത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താനാവുമെന്നും ചിന്തിച്ചാണ് ആളുകള്‍ ഉള്ള പ്രദേശത്ത് കിടത്തി രക്ഷപ്പെട്ടതെന്നും പ്രതികള്‍ പോലീസിനോടുപറഞ്ഞു. അരമണിക്കൂര്‍ സമയത്തെ തെളിവെടുപ്പിനുശേഷം പ്രതികളുമായി പോലീസ് പെരിന്തല്‍മണ്ണയിലേക്കു നീങ്ങി. ഡി.വൈ.എസ്.പി.ക്കു പുറമേ ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്‍, കൈപ്പമംഗലം എസ്.ഐ: വി.ജി.അനൂപ്, എ.എസ്.ഐ മാരായ പി.ജെ.ഫ്രാന്‍സിസ്, ജലീല്‍ മാരാത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജി. ഗോപി, ഇ.എസ്. ജീവന്‍, ഷെഫീര്‍ ബാബു തുടങ്ങിയവരും ഉണ്ടായി. കൈപ്പമംഗലം വഴിയമ്പലത്തുള്ള പെട്രോള്‍ പമ്പ് ഉടമ കോഴിപ്പറമ്പ് മനോഹരനെ ഇക്കഴിഞ്ഞ 15-ന് ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കാറില്‍ തട്ടികൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു മൃതദേഹം മമ്മിയൂരില്‍ കണ്ടെത്തിയത്. മണിക്കൂറുകൾക്കകം പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തു

.

Vadasheri Footer