പ്രൈവറ്റ് രജിസ്‌ട്രേഷൻ നിറുത്തി , ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് സ്വാശ്രയ കോളേജുകളെ സഹായിക്കാൻ
ഗുരുവായൂർ : പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തലാക്കി വിദ്യാർത്ഥികളുടെ ഉപരിപഠനമേഖലയിൽ വേർത്തിരിവ് സൃഷ്ടിക്കുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ആര്യഭട്ട പാരലൽ കോളേജിലെ വിദ്യാർത്ഥികൾ മന്ത്രി കെ.ടി ജലീലിന് കത്തയച്ച് പ്രതിഷേധിച്ചു.
ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെടുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ വേർതിരിവ് സ്യഷ്ടിക്കപ്പെടുമെന്നും ഇതിലൂടെ ഉപരിപഠനത്തിൽ പിൻതള്ളപെടുമെന്നും വിദ്യാർത്ഥികൾ ആശങ്ക പങ്കുവെച്ചു.
സ്വാശ്രയമേഖലയെ സഹായിക്കുന്ന നിലപാടിന്റെ ഭാഗമാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി എന്നതിലൂടെ സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥയാണ് നില നിൽക്കുന്നതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. ഓപ്പൺ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നതിൽ നിന്നും പിൻതിരിയണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആര്യഭട്ടയിലെ 1500 ഓളം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കത്തയച്ചു. കേരള സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്ലസ് ടു തുല്യത പരീക്ഷയുടെ സർട്ടിഫിക്കറ്റ് നേടിയവരെ ഉപരിപഠനത്തിനോ , ജോലിയ്‌ക്കോ പരിഗണിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇത്തരത്തിൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ പഠിതാക്കളും വഞ്ചിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് തകരുകയെന്നും വിദ്യാർത്ഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിൽ മാത്രം പ്രൈവറ്റ് രജിസ്‌ട്രേഷനും , വിദൂര വിദ്യാഭ്യാസ മേഖലയിലുമായി 3 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠനം നടത്തുന്നതെന്നും ഇവരിൽ നിന്ന് 25 കോടിയോളം രൂപയാണ് യൂണിവേഴ്‌സിറ്റിയ്ക്ക് വരുമാനമെന്നും യൂണിവേഴ്‌സിറ്റികളിലെ വരുമാനമെല്ലാം സർക്കാരിലേക്ക് മുതൽകൂട്ടാനുള്ള തന്ത്രമാണ് ഓപ്പൺ യൂണിവേഴ്‌സിറ്റിയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോളെജ് പ്രിൻസിപ്പാൾ സി.ജെ ഡേവിഡ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സ്റ്റാഫ് പ്രതിനിധി കെ വിജയൻ, കോളെജ് ചെയർപേഴ്‌സൺ എം. ബിൻസി, ഫൈൻ ആർട്‌സ് സെക്രട്ടറി ടി.എസ് ശിവപ്രിയ, സ്റ്റുഡന്റ് എഡിറ്റർ ടി.ആർ രേഷ്മ എന്നിവർ പങ്കെടുത്തു.