കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ഷാജു
കോഴിക്കോട് : കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു പറഞ്ഞു. തന്‍റെ അറിവോടെയാണ് രണ്ട് കൊലപാതകവും നടന്നത്. കുഞ്ഞായ ആൽഫിനെ ആദ്യം ജോളി കൊന്നു. പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ച് വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴാണ്.
സിലിയിലുള്ള മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടതാണ്. എന്നാൽ താനതിനെ എതിർത്തെന്നും, തന്‍റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കിയെന്നും ഷാജു വെളിപ്പെടുത്തി. മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് കൊല്ലാൻ തീരുമാനിച്ചതെന്നും ഷാജു പൊലീസിനോട് സമ്മതിച്ചു.ഷാജുവിന്‍റെ അച്ഛൻ സക്കറിയയും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകവിവരം തന്‍റെ മകൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സക്കറിയ പറഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തിയ സക്കറിയയെയും ചോദ്യം ചെയ്യൽ തുടരുകയാണ്.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റങ്ങൾ ഓരോന്നായി സമ്മതിച്ചത്. ജോളിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്ത സമയത്ത് ഷാജുവിനെയും പൊലീസ് വിളിച്ച് വരുത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസിന്‍റെ തുടക്കം മുതൽ ഷാജു പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. കൃത്യമായ തെളിവുകളില്ലാതെ ഷാജുവിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് പൊലീസിനും അറിയാമായിരുന്നു. കൃത്യമായ വല നെയ്ത് ഷാജുവിനെ വെറുതെ വിട്ട് നിരീക്ഷിക്കുകയായിരുന്നു പൊലീസ്. ഒടുവിൽ ജോളിയുടെ കുറ്റ സമ്മതമൊഴിയും മറ്റ് തെളിവുകളും കൃത്യമായി ശേഖരിച്ച് ഷാജുവിനെ തിരികെ വിളിപ്പിച്ചു, ചോദ്യം ചെയ്തു, കർശനമായി ചോദ്യം ചെയ്തപ്പോൾ ഷാജു കുറ്റം സമ്മതിക്കുകയും ചെയ്തു.