കഞ്ചാവ് കേസിലെ പ്രതിയുടെ മരണം , മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
ഗുരുവായൂർ : കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, എംജി അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ നിധിൻ എം മാധവ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അന്വേഷണവിധേയമായി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവരെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ വി എം സ്മിബിൻ, എം ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി ബി ശ്രീജിത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ഒളിവിലാണ്.
കേസിൽ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എസിപി ബിജുഭാസ്കറിന്റെ മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും എട്ട് ഉദ്യോഗസ്ഥരും പ്രതികരിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നില്ല. ഇതിനെത്തുടർന്ന് എട്ട് ഉദ്യോഗസ്ഥരുടെയും വീടുകളിൽ പൊലീസ് നോട്ടീസ് പതിച്ചിരുന്നു. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നതെങ്കിലും ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. എട്ട് പേരെയും ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണമെന്നും ലഭിച്ചില്ല. ഇതിനെ തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ കടക്കുകയായിരുന്നു.
അധികാര ദുർ വിനിയോഗമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയതെന്ന് പോലീസ് കണ്ടെത്തി . അബ്കാരി കേസുകൾ പിടിക്കാൻ മാത്രമാണ് പ്രിവന്റീവ് ഓഫീസർമാർക്ക് അധികാരമുള്ളൂ കഞ്ചാവ് ,മയക്ക് മരുന്നുകൾ തുടങ്ങിയവ പിടികൂടണമെങ്കിൽ റേഞ്ച് ഇൻസ്പെക്ടർക്കോ സർക്കിൾ ഇൻസ്പെക്ടർക്കോ മാത്രമാണ് അധികാരമുള്ളത് അത് മറികടന്നാണ് എക്സൈസ് സ്‌പെഷൽ സ്കാഡിലെ പ്രിവന്റീവ് ഓഫീസർമാർ കഞ്ചാവ് കേസിലെ പ്രതിയെ പിടി കൂടിയത് . രഞ്ചിത്തിന്റെ കൈവശം അഞ്ചു കിലോ കഞ്ചാവും . 60 ലക്ഷം രൂപ വിലയുള്ള മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളും ഉണ്ടെന്നാണ് എക്സൈസ് സ്‌പെഷൽ സ്‌കോഡിന് ഇൻഫോർമാർ നൽകിയ വിവരം . രഞ്ജിത്തിനെ പിടി കൂടിയെങ്കിലും ഗുളികൾ കണ്ടെത്താൻ കഴിഞ്ഞില്ല ഇത് വെച്ച സ്ഥലം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടാണ് പാവറട്ടിയിലെ കള്ള് ഗോഡൗണിയിൽ കൊണ്ട് പോയി ക്രൂരമായി മർദിച്ചത് . എക്സൈസ് ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും മർദിച്ചതോടെ രഞ്ജിത്ത് മരണത്തിന് കീഴടങ്ങി . തുടർന്നാണ് പാവറട്ടി സാൻ ജോസ് ആശുപത്രിയിൽ എത്തിച്ചത് . മരണം നടന്ന് പതിനഞ്ചു മിനിട്ടു കഴിഞ്ഞതിന് ശേഷമാണ് രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് പരിശോധിച്ച ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു . മർദ്ദനമേറ്റാണ് മരണപ്പെട്ടതെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടും വന്നതോടെ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി