തൃശൂർ പുഴക്കലിലെ പുതിയ പാലം മന്ത്രി സുധാകരൻ തുറന്ന് കൊടുത്തു
തൃശൂർ : സംസ്ഥാനത്തെ 70 ശതമാനം റോഡുകളും പ്രളയത്തെ അതിജീവിച്ചുവെന്നത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ മാനദണ്ഡങ്ങളുടെ മികവാണെന്നും 30 ശതമാനം റോഡുകൾ തകർന്നത് പരിശോധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. തൃശൂർ പുഴയ്ക്കലിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച പാലങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ 32 പാലങ്ങൾക്കായി പണം അനുവദിച്ചുവെന്നു അദ്ദേഹം അറിയിച്ചു.
വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയഭിന്നതയുടെ പേരിൽ അളള് വെക്കാൻ ആർക്കും കഴിയില്ലെന്നും അത്തരത്തിലാണ് ഭാവി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തെന്നും മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.കുഴിയടക്കലിന് പകരം റോഡ് സംരക്ഷണം എന്ന തരത്തിൽ പദ്ധതി കൊണ്ടുവന്നതിന് ഉദ്ദേശലക്ഷ്യങ്ങളുണ്ട്. അഴിമതിയുടെ സൂചകമായിരുന്നു നേരത്തെയുളള കുഴിയടക്കൽ നടപടികൾ. എന്നാൽ ഇനി അത് നടപ്പാവില്ല. നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തണം. അത് പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാവും. ഇത്തരം കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യും. മന്ത്രി ജി സുധാകരൻ പറഞ്ഞു.
കൃഷി മന്ത്രി വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ, എംപിമാരായ ടി എൻ പ്രതാപൻ,രമ്യഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. അനിൽ അക്കര എംഎൽഎ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് പാലവിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ പി കെ മിനിയും നന്ദിയും പറഞ്ഞു.