സി എ ജി ഓഡിറ്റിന് അനുമതി നൽകാത്തത് ,അഴിമതി കണ്ടെത്തുമെന്ന ഭയം : രമേശ് ചെന്നിത്തല
പാലാ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നടക്കുന്ന അഴിമതി മൂടിവയ്ക്കാനും അവിടെ നടന്ന അനധികൃത നിയമനങ്ങള്‍ മൂടിവയ്ക്കുകയും ചെയ്യുക എന്ന അജന്‍ഡയുള്ളത് കൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്ന് പാലായില്‍ മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം നേതാക്കളുടെ മക്കളെ പലരേയും അനധികൃതമായി കണ്ണൂര്‍ വിമാനത്തവാളത്തില്‍ നിയമിച്ചിരിക്കുകയാണ്. സിഎജി ഓഡിറ്റിംഗിന് അനുമതി നല്‍കിയാല്‍ നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുമെന്ന ഭയമാണ് സിപിഎമ്മിനും സര്‍ക്കാരിനും. സമാനമായ രീതിയിലുള്ള വലിയ അഴിമതിയാണ് കിഫ്ബിയുടെ പേരിലും നടക്കുന്നത്.
അഞ്ച് കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കിഫ്ബി ഫണ്ട് വക മാറ്റി ചെലവാക്കി. 11 ലക്ഷം രൂപ ചിലവ് വരുന്ന മണ്ണ് മാറ്റല്‍ പദ്ധതി 1.11 കോടി രൂപയ്ക്കാണ് കിഫ്ബി നടപ്പാക്കിയത്. ഇക്കാര്യങ്ങളിലെല്ലാം ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ? കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. കിഫ്ബിയുടെ നടത്തിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണ്. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടിയായി സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ മറ്റാരെക്കാളും യോഗ്യത മുഖ്യമന്ത്രിക്ക് തന്നെയാണെന്ന് പ്രതിപക്ഷ നതാവ് ആരോപിച്ചു.
പാലാ തെരഞ്ഞടുപ്പില്‍ ഉണ്ടായില്ലാ വെടി പൊട്ടിക്കുകയാണ് മുഖ്യമന്ത്രി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടാവുന്നത്. വികസനത്തിന്‍റെ പേരില്‍ കേരളത്തില്‍ തീവെട്ടിക്കൊള നടക്കുകയാണ്. കിയാൽ സർക്കാർ കമ്പനിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജിയുടെ സമ്പൂര്‍ണ ഓഡിറ്റിംഗിനെ സര്‍ക്കാര്‍ എതിര്‍ത്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇത് തള്ളിക്കൊണ്ട് മുഖ്യമന്ത്രിക്ക് വീണ്ടും രമേശ് ചെന്നിത്തല കത്തയച്ചു. സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 65 ശതമാനം ഓഹരിയുള്ള മുഖ്യമന്ത്രി അധ്യക്ഷനായ കിയാൽ എങ്ങിനെ സർക്കാർ കമ്പനിയല്ലാതാകുമെന്ന് കത്തില്‍ പ്രതിപക്ഷനേതാവ് ചോദിക്കുന്നു.1956 ലെ കമ്പനി നിയമത്തിൽ സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കൂടുതൽ ഓഹരിയുള്ള സ്ഥാപനത്തിൽ സിഎജി ഓഡിറ്റ് നിർബന്ധമാണെന്ന് പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു
കിഫ്ബി-കിയാര്‍ വിഷയങ്ങള്‍ കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നടപ്പാക്കിയ ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലും വന്‍തോതില്‍ അഴിമതി നടന്നതായി ചെന്നിത്തല ആരോപിക്കുന്നു. പാര്‍ലമെന്‍റ തെരഞ്ഞെടുപ്പിനിടെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ ആണ് ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത്.
കെഎസ്ഇബിക്ക് വേണ്ടി ഈ കരാര്‍ ഒപ്പിട്ട ചീഫ് എന്‍ഞ്ചിനീയര്‍ ഇപ്പോള്‍ കരാര്‍ കമ്പനിയായ ടെറാനസിന്‍റെ ചീഫ് എഞ്ചിനീയറാണ്. പവര്‍ ഫൈനാന്‍സ് കോര്‍പറേഷനും ഈ അഴിമതിക്ക് കൂട്ടുനിന്നു. പദ്ധതിയുടെ ഭാഗമായ കോട്ടയം ലൈനിലും കുന്നതുനാട് ലൈനിലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇടുക്കിയിലെ ചിത്തിരപ്പുരം ട്രാന്‍സ് ഗ്രിഡ് പദ്ധതിക്ക് പതിനൊന്ന് ലക്ഷം രൂപ വകയിരുത്തിയിട്ട് അവസാനം 11 കോടി രൂപയ്ക്കാണ് ആ പദ്ധതി നടപ്പാക്കിയത്.