കടപ്പുറത്ത് ഡിഫ്ത്തീരിയ്യ റിപ്പോർട്ട്. അടിയന്തിര ജാഗ്രതാ യോഗം
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പിൽ ഡിഫ്ത്തീരിയ രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കടപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അടിയന്തിര ജാഗ്രതയോഗം ചേർന്നു. കടപ്പുറം ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചേർന്ന യോഗം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എം. മനാഫ് അദ്ധ്യക്ഷനായിരുന്നു. മെഡിക്കൽ സൂപ്രണ്ട് രോഗ പ്രതിരോധ – മുൻകരുതൽ നടപടികൾ വിലയിരുത്തി. രോഗം ബാധിച്ച വിദ്യാർഥി ചികിൽസയിലാണ്.
രോഗം പടരാതിരിക്കാൻ കൈ കൊണ്ട മുൻകരുതലുകൾ യോഗം വിലയിരുത്തി. വായുവിൽ കൂടെ പകരുന്ന രോഗമായതിനാൽ അതീവ ജാഗ്രത പുലർത്താൻ യോഗം തീരുമാനിച്ചു. പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നവർക്ക് പ്രതിരോധ കുത്തിവെപ്പും നടത്തിയിട്ടുണ്ട്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാഞ്ചന മൂക്കൻ, റസിയ അമ്പലത്ത്, ഷാലിമസുബൈർ, പി.എ.അഷ്ക്കറലി, റഫീഖടീച്ചർ, പി.വി.ഉമ്മർ കുഞ്ഞി, ഷൈല മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിദ്യാലയങ്ങളിലെ അദ്ധ്യാപകരും പങ്കെടുത്തു.