രണ്ടു കിലോ കഞ്ചാവുമായി യുവാവ് ചക്കംകണ്ടത്ത് അറസ്റ്റിൽ
ഗുരുവായൂർ : ചക്കംക്കണ്ടത്തു നിന്നും രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ തൃശൂര്‍ മനക്കൊടി പൂപ്പാടി വീട്ടില്‍ സജിൽ (32 ) ആണ് ഇന്ന് ഉച്ചക്ക് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിനെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അറവു മാടുകളെ കൊണ്ടു വരുന്ന വാഹനത്തിലായിരുന്നു ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
തമിഴ്‌നാട്ടിലെ പഴനി, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്നും അറവു മാടുകളെ കൊണ്ടുവരുന്ന വാഹനത്തില്‍ കഞ്ചാവ് മൊത്തമായി എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സജില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന രീതിയെ കുറിച്ച് പഠിച്ചറിഞ്ഞ എക്‌സൈസ് സംഘം പ്രതിക്കായി വലവിരിക്കുകയായിരുന്നു.
കഞ്ചാവുമായി സജില്‍ ഇന്ന് ചക്കംകണ്ടം ഭാഗത്തേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ മഫ്ടിയിലെത്തിയ എക്‌സൈസ് സംഘം ഇവിടെ കാത്തു നിന്നു. ഇതേ സമയം ചാവക്കാട് ബസ്സിറങ്ങിയ സജില്‍ ഓട്ടോറിക്ഷയില്‍ ചക്കംകണ്ടം ഭാഗത്തെത്തിയ ഉടന്‍ തന്നെ എക്‌സൈസ് സംഘം രക്ഷപ്പെടാനുള്ള ഒരു പഴുതും നല്‍കാതെ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയിൽ നിന്നും പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷത്തോളം രൂപ വിലവരും. ചാവക്കാട്, ഗുരുവായൂര്‍ മേഖലയില്‍ ഇയാള്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായി എക്‌സൈസ് ഇൻസ്‌പെക്ടര്‍ കെ.വി ബാബു പറഞ്ഞു. പ്രതിയെ ഇന്ന് ചാവക്കാട് കോടതിയില്‍ ഹാജറാക്കും