Madhavam header
Above Pot

ഹരിതചട്ടം പാലിച്ച് ഓണാഘോഷം നടത്തണം : മന്ത്രി എ.സി മൊയ്തീൻ

തൃശൂർ : ഈ ഓണാഘോഷത്തിന് പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭ്യർഥിച്ചു. കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ തൃശൂർ ശക്തൻ നഗർ മൈതാനിയിലെ കൊക്കാല ഗ്രൗണ്ടിൽ ആരംഭിച്ച ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടകളിൽ വരുമ്പോൾ തുണി സഞ്ചി കൊണ്ടുവരികയോ കടയിൽ തുണി സഞ്ചി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയോ വേണമെന്ന് മന്ത്രി നിർദേശിച്ചു. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതെ ശേഖരിച്ച് സംസ്‌കരിക്കാൻ സംവിധാനം വേണം. കേരളത്തിന്റെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമായി പ്ലാസ്റ്റിക് മാലിന്യം മാറുകയാണ്. ഡിസ്‌പോസിബിൾ ഗ്ലാസ് ഒഴിവാക്കി സ്റ്റീൽ ഗ്ലാസ് ഉപയോഗിക്കണം. പി.വി.സി. ഫ്്‌ളക്‌സ് സർക്കാർ നിരോധിച്ചതാണ്. ഹരിതചട്ടം പാലിച്ച് ഓണാഘോഷം നടത്തണമെന്നും മന്ത്രി പറഞ്ഞു.

മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷമുണ്ടാകരുതെന്നും ആളുകൾക്ക് വിനോദത്തിനുള്ള സാഹചര്യമുണ്ടാവണമെന്നുമാണ് സർക്കാറിന്റെ കാഴ്ചപ്പാട്. ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താൻ അഞ്ചു ദിവസത്തെ ഓണാഘോഷം തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും. ജില്ലയിലെ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകളിലും ഓണാഘോഷമുണ്ടാവും.
ഓണം കഴിഞ്ഞ വർഷത്തെ പോലെ തന്നെ സന്തോഷകരമായ അവസ്ഥയിലല്ല നാം ആഘോഷിക്കുന്നത്. മഴക്കെടുതികളിൽനിന്ന് ജനങ്ങൾ മോചനം നേടി വരുന്ന ഘട്ടമാണിത്. ആരവങ്ങളില്ലാത്ത, ജനങ്ങൾക്ക് ഒത്തുകൂടാൻ കഴിയുന്ന, ദുരിതാശ്വാസ ക്യാമ്പുകളിൽ നാം പ്രകടിപ്പിച്ച മനുഷ്യ സ്‌നേഹം പോലെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നായി ഈ ഓണാഘോഷവും മാറട്ടെയെന്ന് മന്ത്രി പ്രത്യാശിച്ചു.
തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോസ് ആദ്യവിൽപന നിർവഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് സപ്ലൈകോ സോവനീർ പ്രകാശനം ചെയ്തു.

Astrologer

buy and sell new

ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം എം. വിജയൻ, ജില്ലാ സപ്ലൈ ഓഫീസർ എം.വി. ശിവകാമി അമ്മാൾ, കക്ഷിനേതാക്കളായ പി.കെ. ഷാജൻ (സി.പി.എം), എം.ജി. നാരായണൻ (സി.പി.ഐ), ടി.കെ. ഉണ്ണികൃഷ്ണൻ (എൻ.സി.പി) എന്നിവർ സംസാരിച്ചു. സപ്ലൈകോ ഡിപ്പോ മാനേജർ പി.ആർ. ജയചന്ദ്രൻ സ്വാഗതവും ജൂനിയർ മാനേജർ വി.യു. മധുസൂദനൻ നന്ദിയും പറഞ്ഞു.
സെപ്റ്റംബർ പത്ത് വരെയാണ് ഓണം ഫെയർ പ്രവർത്തിക്കുക. പൊതുവിപണിയേക്കാർ വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളിൽ ഉൽപ്പന്ന പ്രദർശനവും വിൽപ്പനയും ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.

Vadasheri Footer