പി.എസ്‍.സി പരീക്ഷ തട്ടിപ്പ്, സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണം : ഹൈക്കോടതി
കൊച്ചി: പി.എസ്‍.സി പരീക്ഷ തട്ടിപ്പ് കേസില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പി.എസ്‍.സിയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും, നിഷ്പക്ഷവും ഫലപ്രദവുമായ അന്വേഷണത്തിലൂടെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. സമീപകാലത്ത് പി.എസ്‍.സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തി അനര്‍ഹര്‍ പട്ടികയില്‍ നുഴഞ്ഞു കയറുന്നത് തടയണം. പരീക്ഷാ ക്രമക്കേടില്‍ വിപുലമായ അന്വേഷണം നടത്തണം. ഇതിനായി സ്വതന്ത്രമായ, നിഷ്പക്ഷമായ അന്വേഷണം നടത്തുന്ന ഏജന്‍സി വേണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. നിലവിലെ അവസ്ഥ തീര്‍ത്തും നിരാശാ ജനകമാണെന്നും കോടതി നിരീക്ഷിച്ചു.
<p >കേസില്‍ നാലാം പ്രതി സഫീറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോ ടതി തള്ളി. സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ നാല്, അഞ്ച് പ്രതികള്‍ ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാരും കോടതിയില്‍ ശക്തമായി എതിര്‍ത്തു. 96 മെസേജുകളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഉത്തരങ്ങളായിരുന്നു ഈ മെസേജുകളെല്ലാം. രഹസ്യമായാണ് മെസേജുകള്‍ കൈമാറാനുള്ള മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പരീക്ഷാ ഹാളില്‍ കടത്തിയത്. പ്രതികള്‍ക്ക് എങ്ങനെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുകിട്ടി എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു.
ഇതിനിടയിൽ പിഎസ്‌സി പരീക്ഷയില്‍ ശിവരഞ്ജിത്തും, നസീമും ഹൈ ടെക് സംവിധാനമുപയോഗിച്ചാണ് കോപ്പിയടിച്ചതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഉത്തരമെഴുതിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഎസ്‌സി പരീക്ഷ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയ മൊഴിയിലാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. സ്മാര്‍ട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്‌എംഎസ്സുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചത്. കോപ്പടിക്കായി മൂവരും ഓണ്‍ ലൈന്‍വഴി വാച്ചുകള്‍ വാങ്ങിയെന്നാണ് സംശയിക്കുന്നത്.
മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്‌തെന്നും അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം കോപ്പിയടിച്ചാണ് പരീക്ഷ പാസ്സായതെന്ന് പ്രതികള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് എങ്ങിനെ ആയിരുന്നെന്ന് വ്യക്തമാക്കിയിരുന്നില്ല. യൂണിവേഴ്‌സിറ്റി കോളേജ് കത്തികുത്തുകേസില്‍ ജയിലില്‍ കഴിയുന്ന ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. എന്നാല്‍ , ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ പ്രതികളായ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കൂടാതെ പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കാനുള്ള സഹായം പ്രതികള്‍ക്ക് ലഭിച്ചുവെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതുംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 8 / 2019
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്