ഗണേശോത്സവം തിങ്കളാഴ്ച ,നിമജ്ജനം ചെയ്യുന്നത് നൂറോളം വിഗ്രഹങ്ങൾ
ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിനായക ചതുര്‍ത്ഥി സമുചിതമായി ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിനായക ചതുര്‍ത്ഥി ദിനമായ തിങ്കളാഴ്ച്ച നിമജ്ജനം ചെയ്യുന്നതിനുള്ള പ്രധാന ഗണേശവിഗ്രഹത്തെ നാളെ വൈകീട്ട് 4-ന് മഞ്ജുളാല്‍ പരിസരത്ത് നിന്ന് സ്വീകരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ എത്തിക്കും. തുടര്‍ന്ന് വിനായക ചതുര്‍ത്ഥി ദിനമവരെ വരെ ഗണപതി ഹോമം നടത്തും.
ഗണേശോത്സവനാളില്‍ ഉച്ചയ്ക്ക് 1-ന് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ നിന്ന് നൂറോളം ഗണേശവിഗ്രഹങ്ങളുടെ അകമ്പടിയോടെ പ്രധാന വിഗ്രഹത്തെ ആനയിച്ച് കിഴക്കെ നടയിലേക്ക് കൊണ്ടുവന്ന് ആയിരക്കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനകളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ചാവക്കാട് ദ്വാരക ബീച്ചിലെ വിനായക തീരത്ത് നിമജ്ജനം ചെയ്യും. ഗുരുവായൂരില്‍ നിന്ന് മുതുവട്ടൂര്‍ ചാവക്കാട് വഴിയാണ് ഗണേശോത്സവ ഘോഷയാത്ര വിനായക തീരത്തേക്ക് പോകുക. തുടര്‍ന്ന് ദ്വാരക ബീച്ചില്‍ നടക്കുന്ന സമാപന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ: കെ.എസ് പവിത്രന്‍ അധ്യക്ഷത വഹിക്കും.
പ്രാന്തീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് വി.കെ വിശ്വനാഥന്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂര്‍ താലൂക്ക് യൂണിയന്റെ നേത്യത്വത്തില്‍ നടക്കുന്ന ഗണേശോത്സവ ശോഭായാത്രയില്‍ തൃശൂര്‍, കുന്നംകുളം, ചാവക്കാട് താലൂക്ക് പ്രദേശത്തെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡണ്ട് എ.ഓ. ജഗന്നിവാസന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ: കെ.എസ് പവിത്രന്‍, ജില്ല സെക്രട്ടറി പി.ആര്‍. ഉണ്ണി, വി. ലോഹിദാക്ഷന്‍, മുകുന്ദരാജ, എം.വി. രവീന്ദ്രനാഥ്, ടി.എന്‍. നാരായണന്‍ എന്നിവര്‍ അറിയിച്ചു.