ഹിന്ദുത്വ തീവ്രവാദം പോലെ തന്നെ ന്യൂനപക്ഷ തീവ്രവാദവും ശക്തിപ്പെടുന്നു : കോടിയേരി
തിരുവനന്തപുരം: സി.പി.എമ്മിന്റെ സംഘടനാതലത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ശക്തിപ്പെടുത്തും. പാര്‍ട്ടി അംഗങ്ങളെ കൂടുതല്‍ കഴിവുറ്റവരാക്കും. ബഹുജനങ്ങളുമായി നല്ലതുപോലെ ഇടപെടുന്നതിന് കേഡര്‍മാര്‍ക്ക് രാഷ്ട്രീയ, സംഘടനാ വിദ്യാഭ്യാസം നല്‍കും. ഒരു വിഭാഗത്തിന്റെ താല്‍പര്യം മറ്റു വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ല. ആര്‍.എസ്.എസ് വെല്ലുവിളിയെ സംഘടനാതലത്തില്‍ നേരിടും. സംസ്ഥാനത്ത് ഹിന്ദുത്വ തീവ്രവാദം പോലെ തന്നെ ന്യൂനപക്ഷ തീവ്രവാദവും ശക്തിപ്പെടുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം സി.പി.എം ഏറ്റെടുക്കും. കെട്ടിട നിര്‍മ്മാണത്തില്‍ പാറയും മണലൂം പരമാവധി ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് കേരളത്തിന്റെ വികസനത്തിന് തടസ്സം. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ സംസ്്ഥാനത്ത് നടക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലും മുടങ്ങിക്കിടന്ന പദ്ധതികള്‍ തുടങ്ങിവയ്ക്കാനും ചിലത് പൂര്‍ത്തിയാക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ഇനിയുള്ള മാസങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയുണ്ടാവുമെന്ന് കോടിയേരി അവകാശപ്പെട്ടു.
ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും വലതുപക്ഷ ശക്തികള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലും ശക്തി വര്‍ധിച്ചുവരികയാണ്. ദേശീയതലത്തില്‍ വന്നിരിക്കുന്ന മാറ്റം കേരളത്തിലും അവര്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. ഇടതുപക്ഷം ശക്തിപ്പെടാന്‍ ശ്രമിക്കുമ്പോളെല്ലാം വലതുപക്ഷ ശക്തികള്‍ കേരളത്തില്‍ ഒന്നിച്ചുനില്‍ക്കുന്നു. ഇതില്‍ ഇടതുപക്ഷ ആശയം വിപുലമായ രീതിയില്‍ പ്രചരിപ്പിക്കും. സാംസ്‌കാരിക, ശാസ്ത്രമേഖലയില്‍ കൂടുതല്‍ പ്രചാരണം നടത്തും.
കേരളത്തില്‍ പാര്‍ട്ടി ഇതുവരെ യു.ഡി.എഫിനെ നേരിട്ടുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ആശയ പ്രചാരണം നടത്തിയിരുന്നത്. ഇന്ന് ആര്‍.എസ്.എസും ബി.ജെ.പിയും കേന്ദ്ര ഭരണം ഉപയോഗിച്ച് ഫാസിസ്റ്റ് രീതിയിലാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനു പുറമേ കേന്ദ്ര ഭരണവുമുപയോഗിക്കുന്നു. ദേശീയ തലത്തില്‍ ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവാളി നേരിടുന്നതില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ചുനില്‍ക്കുകയാണ്.
കോണ്‍ഗ്രസ് നേതാക്കന്മാരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ വിവിധ കക്ഷികളിലെ ഒട്ടേറെ നേതാക്കളെ രാജിവയ്പ്പിക്കാനോ ബി.ജെ.പിയിലേക്ക് കൊണ്ടുപോകാനോ ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തെയും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നു. ത്രിപുരയിലെ സി.പി.എം എം.പിക്ക് അമിത് ഷാ മുന്നോട്ടുവച്ച വാഗ്ദാനം അതിനു തെളിവാണ്. ആര്‍.എസ്.എസിനു മുന്നില്‍ കീഴടങ്ങാത്ത രാഷ്ട്രീയമാണ് ഇന്ത്യയില്‍ വളര്‍ന്നുവരാന്‍ പോകുന്നത്. ഈ വെല്ലുവിളി മുന്നില്‍ കണ്ടുവേണം സി.പി.എം പ്രവര്‍ത്തിക്കാന്‍.
കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയത ശക്തിപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണ്. താത്ക്കാലിക രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ട് യു.ഡി.എഫ് ഈ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുകയാണ്. ഇത് ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവയാണ്. മുസ്ലീം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ വളര്‍ന്നുവരുന്നത് കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കുന്നതാണ്.
കേരളത്തില്‍ ഇടതുപക്ഷ മുന്നണിക്ക് ബഹുജന പിന്തുണ നേടിയെടുക്കാന്‍ കഴിയണം. സ്വാധീനത്തില്‍ വന്ന ചോര്‍ച്ച വിമര്‍ശനപരമായി പരിശോധിക്കപ്പെടണം. ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന കുറച്ചുപേര്‍ വിട്ടുപോയി എന്ന യഥാര്‍ത്ഥ്യം കണക്കിലെടുക്കുന്നു. സി.പി.എമ്മിന്റെയും മുന്നണിക്കൊപ്പമുള്ള കക്ഷികളും ബഹുജന അടിത്തറ വികസിപ്പിക്കണം. ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടുള്ള ഗ്രൂപ്പുകളും വ്യക്തികളുമായി ബന്ധപ്പെട്ട് അടിത്തറ വിപുലപ്പെടുത്തും.
പാര്‍ട്ടി അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. ജനങ്ങളോട് വിനയന്വതരായി പെരുമാറണം. അക്രമപ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലും ഇടപെടാന്‍ പാടില്ല. സി.പി.എം അക്രമപാര്‍ട്ടിയാണെന്ന് ചിത്രീകരിക്കാന്‍ അവസരം നല്‍കരുതെന്നും സംസ്ഥാന സമിതിയില്‍ തീരുമാനിച്ചതായി കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ ശ്രമിക്കും