പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു
പീച്ചി : പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. വൃഷ്ടി പ്രദേശത്തെ മഴമൂലം റിസർവോയറിലേക്ക് നീരൊഴുക്ക് കൂടിയ സാഹചര്യത്തിലാണിത്. പീച്ചിയിലെത്തിയ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഡാം തുറക്കാൻ തീരുമാനമായത്. റിസർവോയറിലെ ജലനിരപ്പ് 77.8 മീറ്ററാണിപ്പോൾ. മണിക്കൂറിൽ 1 സെന്റിമീറ്റർ എന്ന തോതിൽ ജലനിരപ്പുയുരന്നുണ്ട്. 1.75 മീറ്റർ കൂടി ഉയർന്നാൽ റിസർവോയറിന്റെ ശേഷി പൂർത്തിയാവും. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
പീച്ചിയി ൽ ചേർന്ന യോഗത്തിൽ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് ഉദയപ്രകാശ്, മേയർ അജിത വിജയൻ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. ഡാം തുറക്കുന്നത് കാണാനായി നിരവധി പേരാണ് പീച്ചി ഡാം പരിസരത്തെത്തിയത്. ജലമൊഴുക്ക് ആഘോഷിച്ച് ആളുകൾ അപകടത്തിലാകുന്നത് തടയുന്നതിന്റെ ഭാഗമായി ഡാം കനാൽ പരിസരത്തെ മീൻപിടുത്തം കർശനമായി വിൽക്കാനും യോഗം പോലീസിന് നിർദ്ദേശം നൽകി.