കടലില്‍ തിരയില്‍പെട്ട് വള്ളം മറിഞ്ഞു.തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചാവക്കാട്: കടലില്‍ തിരയില്‍പെട്ട് വള്ളം മറിഞ്ഞു.വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളും അദ്ഭുതകരമായി രക്ഷപ്പെട്ടു.ബുധനാഴ്ച രാവിലെ ആറുമണിയോടെ എടക്കഴിയൂരില്‍ നിന്നും കടലില്‍ പോയ താനൂര്‍ പുതിയ കടപ്പുറം സ്വദേശി അഞ്ചുടിക്കല്‍ ഹുസൈനാരുടെ വള്ളമാണ് അപകടത്തില്‍പെട്ടത്.ഹുസൈനാരുടെ മകന്‍ അര്‍ഷാദ്(27),താനൂര്‍ പുതിയ കടപ്പുറം സ്വദേശികളായ പരീകടവത്ത് കുഞ്ഞി മരക്കാര്‍(59), മരക്കാരകത്ത് റാഫി(36),ബാവാസിജിന്റെ പുരക്കല്‍ ഖാദര്‍( 50) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
കരയില്‍ നിന്നും 50 മീറ്റര്‍ ദൂരത്തില്‍ വെച്ചായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞ വള്ളത്തില്‍ നിന്ന് നാല് പേരും കടലിലേക്കു വീണു.അര്‍ഷാദും റാഫിയും കരയിലേക്കു നീന്തികയറി രക്ഷപ്പെട്ടു.കരയിലേക്കു നീന്താന്‍ കഴിയാതെ പെട്ടുപോയ കുഞ്ഞിമരക്കാര്‍ക്കും ഖാദറിനും നേര്‍ക്ക് കരയില്‍ നിന്നവര്‍ റോപ്പ് എറിഞ്ഞു.തുടര്‍ന്ന് റോപ്പില്‍ പിടിച്ച് ഇരുവരും കരക്കുകയറി.അപകടത്തില്‍ പെട്ട വള്ളം പിന്നീട് പഞ്ചവടി ഭാഗത്ത് ഒഴുകിയെത്തിയപ്പോള്‍ മത്സ്യതൊഴിലാളികളായ താഴത്ത് മുസ്താക്, ഷാഹിര്‍, നൗഷാദ്, ഷാജി, കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരക്കെത്തിച്ചു.
അപകടത്തില്‍ ഫൈബര്‍ വള്ളം പൂര്‍ണമായി തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന രണ്ട് എന്‍ജിനുകളും നാല് സെറ്റ് വലകളും നഷ്ടപ്പെട്ടു.ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളത്തിന്റെ ഉടമ ഹുസൈനാര്‍ പറഞ്ഞു.