
മമ്മിയൂർ ക്ഷേത്രക്കുളം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകി

ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രകുളം മണ്ണിട്ട് നികത്തുന്നുവെന്ന പരാതിയിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ഡെപ്യൂട്ടി തഹസിൽദാരുടെ ഉത്തരവ്
ഗുരുവായൂർ വിവേകാനന്ദ സാംസ്‌കാരിക വേദിയും ചാവക്കാട് താലൂക്ക് ഹിന്ദു ഐക്യവേദിയും നൽകിയ പരാതിയിലാണ് നടപടി. ക്ഷേത്രകുളത്തിന്റെ സ്വാഭാവികമായ വിസ്തീർണ്ണം കുറച്ചാണ് കുളം നിർമ്മിക്കുന്നതെന്ന പരാതിയിലാണ് നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കുവാൻ ഡെപ്യൂട്ടി തഹസിൽദാർ പി.ഇ ഉഷാകുമാരി മമ്മിയൂർ ദേവസ്വം അധിക്യതർക്ക് നിർദ്ദേശം നൽകിയത്. സ്വാഭാവിക കുളമായി നിലനിന്നിരുന്ന ഒരു ഏക്കർ 11 സെന്റ് സ്ഥലമാണ് വിസ്തീർണ്ണം കുറച്ച് പുനർനിർമ്മിക്കുന്നതെന്ന് പ്രഥമദ്യഷ്ട്യ കണ്ടെത്തിയതായും ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു.

ക്ഷേത്രകുളം വിസ്തീർണ്ണം കുറച്ച് രൂപഭേദം വരുത്തുകയായിരുന്നു ദേവസ്വം അധിക്യതർ ചെയ്തിരുന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർക്ക്് സ്‌റ്റോപ്പ് മെമ്മോ നൽകുകയും നിർമ്മാണ പ്രവർത്തികൾക്കായി ഉപയോഗിച്ചിരുന്ന ഹിറ്റാച്ചി , ടിപ്പർ എന്നിവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ പി.ഇ ഉഷാകുമാരി, വില്ലേജ് ഓഫീസർ ബൈജു, തുടങ്ങിയ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. റിപ്പോർട്ട് ആർ.ഡി.ഒ , കളക്ടർ എന്നിവർക്ക് കൈമാറും. കാലങ്ങളായി നിലനിന്നിരുന്ന കുളത്തിന്റെ ബല ശൂന്യമായ പടവുകൾ കരിങ്കൽ ഉപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തിയാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്നും ശാസ്ത്രീയമായ രീതിയിൽ കുളം പുനർനിർമ്മിക്കുക എന്ന പ്രവർത്തിയുമാണ് ചെയ്തുവരുന്നതെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
