Madhavam header
Above Pot

തിരഞ്ഞെടുപ്പിലെ പരാജയം , രാഹുലിന്റെ രാജി തീരുമാനം പ്രവര്‍ത്തക സമിതി തള്ളി

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. രാഹുല്‍ ഗാന്ധി രാജിവയ്ക്കാമെന്ന് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആ നിര്‍ദേശം തള്ളിയെന്നും രാഹുലിനോട് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടെന്നും പാര്‍ട്ടി മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുക എന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയത്. നേരത്തെ സോണിയ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഈ തീരുമാനം അറിയിച്ചെങ്കിലും അവരെല്ലാം ഇതിനെ എതിര്‍ത്തു. എന്നിട്ടും രാജി തീരുമാനത്തില്‍ ഉറച്ചു നിന്ന രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തിലും ഈ തീരുമാനം ആവര്‍ത്തിച്ചു. എന്നാല്‍ പ്രവര്‍ത്തകസമിതിയിലെ എല്ലാ നേതാക്കളും രാഹുലിന്‍റെ രാജി തീരുമാനത്തെ ശക്തമായി എതിര്‍ത്തു.

Astrologer

പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് എടുത്തതെന്നും നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ചൂണ്ടിക്കാട്ടി. സ്വഭാവികമായും തോല്‍വിയുടെ ഉത്തരവാദിത്തവും എല്ലാ നേതാക്കള്‍ക്കുമുണ്ട്. പാര്‍ട്ടി നിര്‍ണായക വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ രാഹുല്‍ സ്ഥാനമൊഴിയുന്നത് പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ രാഹുല്‍ മുന്നോട്ട് നയിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ അഴിച്ചു പണി നടത്താന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തിയ പ്രവര്‍ത്തകസമിതി ഏത് രീതിയിലുള്ള മാറ്റവും സംഘടനയില്‍ കൊണ്ടുവരാന്‍ രാഹുലിനെ അധികാരപ്പെടുത്തി. വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയടക്കം ഉള്‍പ്പെടുത്തി കൊണ്ടുള്ള മാറ്റം കോണ്‍ഗ്രസില്‍ ഇനി വന്നേക്കും എന്ന സൂചനകള്‍ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാര്‍ട്ടി അംഗീകരിക്കുന്നു. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെയത് പന്ത്രണ്ടര കോടി ആളുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. പാര്‍ട്ടിയെ സമ്പൂര്‍ണമായി പരിഷ്കരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ഒരു തെരഞ്ഞെടുപ്പിൽ തോറ്റിരിക്കാം. പക്ഷേ പാര്‍ട്ടി അതിന്‍റെ ആശയങ്ങളിൽ നിന്നോ പോരാട്ടങ്ങളിൽ നിന്നോ പിന്നാക്കം പോകില്ല.

ജിഎസ്‍ടി, നോട്ട് നിരോധനം എന്നിവ സാമ്പത്തിക വ്യവസ്ഥയിൽ വൻ ആഘാതമേൽപിച്ചു. രാജ്യത്ത് തൊഴിലവസരങ്ങൾ കുത്തനെ കുറ‌ഞ്ഞു. വരൾച്ച കാരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം കൃഷിക്കാരുടെ അവസ്ഥ മോശമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ബിജെപി സർക്കാർ ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് മുന്നിലെ വെല്ലുവിളി ഏറ്റെടുക്കാൻ രാഹുലിന്റെ നേതൃത്വം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കുമെന്നും മുതിര്‍ന്ന നേതാവ് എകെ ആന്‍റണി പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ ആന്‍റണി പാര്‍ട്ടി തകര്‍ന്നിട്ടില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തു പാര്‍ട്ടി ഉയര്‍ന്നില്ലെന്നും ചൂണ്ടിക്കാട്ടി

Vadasheri Footer