സ്വത്ത് തർക്കത്തെ തുടർന്ന് തുണിക്കട തീയിട്ട കേസിൽ ഉടമയുടെ സഹോദരൻ അറസ്റ്റിൽ
തൃശൂർ : വരന്തരപ്പിള്ളി നന്തിപുലത്തെ ശിവാനി സിൽക്സ് ഒന്നര വർഷം മുൻപ് തീയിട്ട കേസിൽ ഉടമയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു . തുണിക്കട കത്തി നശിച്ചത് യാദൃശ്ചിക മല്ലെന്നും ആസൂത്രിതമായി നടത്തിയ കൃത്യമെന്ന് ചാലക്കുടി ഡി. വൈ. എസ്. പി കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി.
സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻമാർക്കിടയിൽ ഉടലെടുത്ത വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും ഇതിനെ തുടർന്ന് തുണിക്കടക്ക് തീയിട്ട കൊടുങ്ങല്ലൂർ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടിൽ അപ്പു എന്ന ജിഷ്ണു (23 ) ഇയാൾക്ക് കടക്ക് തീയിടാൻ പെട്രോൾ വാങ്ങി നൽകിയും തീയിട്ട ശേഷം പറഞ്ഞുറപ്പിച്ച തുകയുടെ ഒരു ഭാഗം എത്തിച്ചു നൽകി സഹായിച്ച വരന്തരപ്പിള്ളി നന്തിപുലം സ്വദേശി കാരുക്കാരൻ പ്രീജോ (32 ) തുണി ക്കട ഉടമയുടെ സഹോദരനും സംഭവത്തിന് പദ്ധതിയിട്ടയാളുമായ നന്തിപുലം കൊല്ലിക്കര വിട്ടിൽ സുർജിത് (35 ) എന്നിവർ അറസ്റ്റിലായി .
തെളിയാതെ കിടക്കുന്ന കേസുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ. പി വിജയകുമാറിന് റ നിർദ്ദേശപ്രകാരം ചാലക്കുടി ഡി. വൈ. എസ്. പി കെ. .ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒന്നര വർഷത്തിനു ശേഷം പ്രതികളെ കുടുക്കിയത് .
രാത്രി കാല പരിശോധനയുടെ ഭാഗമായി ഒന്നരയാഴ്ച മുൻപ് ആമ്പല്ലൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മുൻ കാല കുറ്റവാളികളിലൊരാളെ ക്രൈം സ്ക്വാഡ് വിശദമായി ചോദ്യം ചെയ്തതോടെയാണ് നന്തി പുലത്തെ തുണിക്കട കത്തിച്ച കേസിന് തുമ്പു ലഭിക്കുന്നത്. ഇയാളിൽ നിന്നും, അന്നേ ദിവസം രാത്രി ഒരു യുവാവ് ഒരു കുപ്പിയുമായി നന്തിപുലം റോഡിലൂടെ പോകുന്നത് കണ്ടുവെന്നറിവു കിട്ടുകയും തുടർന്ന് അയാളുടെ രൂപവുമായി സാദൃശ്യമുള്ള ജില്ലക്കകത്തും പുറത്തുമുള്ള എല്ലാ ക്രിമിനലുകളേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ,തുടർന്ന് മതിലകം ,കയ്പമംഗലം മേഖലയിൽ അടിപിടി കേസുകളിലും ,വധശ്രമക്കേസിലും പ്രതിയായ ജിഷ്ണുവിനെയും കണ്ട് ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.
തുടർന്ന് ജിഷ്ണുവിനെയും കൊണ്ട് നന്തിപുലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്വട്ടേഷൻ കൊടുത്ത സുർജിത്തും ,സഹായി പ്രീജോയും പിടിയിലായത്. സഹോദരനുമായി സ്വത്ത് തർക്കം മൂർഛിച്ചതിനെ തുടർന്ന് വൈരാഗ്യം മനസിൽ കൊണ്ടു നടന്ന സുർജിത് സുഹൃത്തായ പ്രീജുവിനോട് മദ്യപാനത്തിനിടയിൽ ചേട്ടന് ഒരു പണി കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചേട്ടന്റെ ഭാര്യയുടെ പേരിലുള്ള തുണിക്കട കത്തിക്കാമെന്ന് സുർജിത് പ്രീജോയോട് പറയുകയും ഇതിനായി ഒരു ലക്ഷത്തോളം രൂപ ഏൽപിക്കുകയും ചെയ്തു. തുടർന്ന് ജിഷ്ണുവിനെ ഇതിനായി ഏർപ്പാടാക്കുകയും ചെയ്തു.
സംഭവദിവസം രാത്രിയോടെ തൃശൂരിൽ നിന്നും എത്തിയ ജിഷ്ണു പദ്ധതി പ്രകാരം പുതുക്കാട് കാത്തുനിൽക്കുകയും പ്രീജോ ബൈക്കിലെത്തി പെട്രോൾ കുപ്പി കൈമാറുകയുമായിരുന്നു. പുതുക്കാട് നിന്നും നടന്നാണ് ജിഷ്ണു നന്തിപുലത്തെത്തിയത് മുൻപേ വന്ന് കണ്ടു വച്ചിരുന്ന തുണിക്കടയുടെ സമീപം അർദ്ധ രാത്രിയോടെയെത്തി അവിടെ കിടന്ന തുണി കഷ്ണങ്ങളിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് വെന്റിലേറ്റർ വഴി ഉള്ളിലേക്ക് ഇടുകയായിരുന്നു.
തുടർന്ന് അവിടെ നിന്നും തൃശൂരിലേക്ക് പോയി അവിടെ തങ്ങി രാവിലെ വീണ്ടും പുതുക്കാടെത്തി പണവും വാങ്ങി കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു.ഓണകച്ചവടത്തിനായി സംഭരിച്ച തുണിത്തരങ്ങളാണ് കത്തി നശിച്ചത് .50 ലക്ഷം രൂപയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു .സഹോദരങ്ങൾ ഇരുവരും ഒരു റോഡിന്റെ ഇരുവശങ്ങളിലായിട്ടാണ് തുണിക്കട നടത്തിയിരുന്നത് .മുൻപ് ഒരുമിച്ച് നടത്തിയിരുന്ന സിൽക്ക്സ് സ്വത്തുക്കൾ ഭാഗം വച്ച സമയം ഇളയ മകനായ സുർജിത്തിന് നൽകുകയും തുടർന്ന് ജേഷ്ഠനും അച്ഛനും ചേർന്ന് ശിവാനി സിൽക്സ് എന്ന പേരിൽ പുതിയ വസ്ത്രശാല ആരംഭിക്കുകയുമായിരുന്നു.
പുതിയ കടയിൽ കച്ചവടം കൂടിയതും കച്ചവടം കുറഞ്ഞ് തന്റെ കട പൂട്ടേണ്ടി വരുമോ എന്ന ആശങ്കയും മൂലം സുർജിത്ത് ശിവാനി സിൽക്ക്സ് ഏതു വിധേനയും നശിപ്പിക്കുവാൻ പദ്ധതികൾ തയ്യാറാക്കുകയായിരുന്നു . അറസ്റ്റിലായ ജിഷ്ണു 2017 ൽ ചെന്ത്രാപ്പിന്നി ജംഗ്ഷനിൽ വച്ച് കയ്പമംഗലം സ്വദേശിയായ ഒരു യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ്സിലും, 2018 ൽ ഒരു കടയിലും ,വീട്ടിലും അതിക്രമിച്ച് കയറി ഒരു യുവതിയെയും മറ്റു രണ്ടു പേരേയും ആക്രമിച്ച കേസ്സിലും പ്രതിയാണ് .പിടിക്കപ്പെടില്ലെന്നും കേസ്സ് ഒന്നും ഉണ്ടാകുകയില്ലെന്നും ഉണ്ടായാൽ എല്ലാ കാര്യങ്ങളും നോക്കി കൊള്ളാം എന്നും പ്രീജോ ഉറപ്പ് നൽകിയതായി പിടിയിലായ ജിഷ്ണു പോലീസിനോട് പറഞ്ഞു. 2 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിട്ട് കാര്യം കഴിഞ്ഞപ്പോൾ 80000 രൂപ നൽകി ബാക്കി തുക പിന്നെ നൽകാം എന്ന് പറയുകയും കാശിനായി വീണ്ടും സമീപിച്ചപ്പോൾ ഓരോരോ ഒഴിവുകൾ പറഞ്ഞ് നീട്ടികൊണ്ട് പോകുകയുമായിരുന്നു .ഗൂഡാലോചനയിൽ വേറെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു .
പ്രത്യേകാന്വേഷണ സംഘത്തിൽ വരന്തരപ്പിള്ളി സി .ഐ .എസ് ജയകൃഷ്ണൻ , എസ്. ഐ. പ്രദീപ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് ,സതീശൻ മടപ്പാട്ടിൽ ,റോയ് പൗലോസ് ,മൂസ്സ പി .എം., സിൽജോ വി .യു., റെജി എ .യു. ,ഷിജോ തോമസ്സ് ,എ . എസ് . ഐ സത്യനാരായണൻ ,സീനിയർ സി .പി .ഒ .സുനിൽകുമാർ എന്നിവരുമുണ്ടായിരുന്നു .”,