ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസാചരണം ഞായറാഴ്ച തുടങ്ങും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസാചരണം ഞായറാഴ്ച തുടങ്ങും. പുണ്യകർമങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന വൈശാഖ കാലത്ത് ക്ഷേത്ര ദർശനത്തിന് വൻ തിരക്കനുഭവപ്പെടാറുണ്ട്. ദാനധർമങ്ങൾക്കും ദർശനത്തിനും വിശേഷപെട്ട മാസമാണെന്നാണ് വിശ്വാസം. ബലരാമ ജയന്തിയായ അക്ഷയ തൃതീയ, ശ്രീശങ്കര ജയന്തി, ബുദ്ധ പൗർണമി, നരസിംഹ ജയന്തി, ദത്താത്രേയ ജയന്തി എന്നിവ ഈ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. ചൊവ്വാഴ്ചയാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിൽ ക്ഷേത്രത്തിൽ നാലു ഭാഗവത സപ്താഹങ്ങൾ നടക്കും. ആഞ്ഞം മധുസൂദനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരിയും താമരക്കുളം നാരായണൻ നമ്പൂതിരിയും നടത്തുന്നതാണ് ആദ്യ സപ്താഹം പ്രൊഫ.മാധവപ്പള്ളി കേശവൻ നമ്പൂതിരി, തട്ടയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, തോട്ടം ശ്യാം നമ്പൂതിരി എന്നിവരുടെ സപ്താഹങ്ങൾ തുടർന്ന് നടക്കും.തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ കൂടുതൽ വഴിപാട് നിവേദ്യ കൗണ്ടറുകൾ തുറക്കും. പ്രസാദ ഊട്ടിനും കൂടുതൽ സൗകര്യങ്ങളുണ്ടാവും. അടുത്ത മാസം മൂന്നിനാണ് വൈശാഖമാസം സമാപിക്കുക.