ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും
വെല്ലിങ്ടണ്‍: ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിനിയും . കൊടുങ്ങല്ലൂർ സ്വദേശി അൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്.
നേരത്തെ കാണാതായത് ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലൻഡ് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്‍ലി ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു എന്ന വിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇഖ്ബാൽ ജഹാംഗീറിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ഇഖ്ബാൽ ജഹാംഗീർ ഇപ്പോൾ വെന്‍റിലേറ്ററിലാണ്. ജഹാംഗീറിന്‍റെ രണ്ട് സുഹൃത്തുക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
തന്‍റെ സഹോദരൻ ഒറ്റയ്ക്ക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനാൽ ന്യൂസീലൻഡിലേക്ക് പോകാൻ അടിയന്തര വിസ നൽകാൻ ഇടപെടണമെന്ന് തെലങ്കാന, കേന്ദ്രസർക്കാരുകളോടും ന്യൂസീലൻഡ് സർക്കാരിനോടും ജഹാംഗീറിന്‍റെ സഹോദരൻ മുഹമ്മർ ഖുർഷിദ് ആവശ്യപ്പെട്ടിരുന്നു