യുപിഎ അധികാരത്തിൽ വന്നാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും : രാഹുൽ ഗാന്ധി
തൃപ്രയാർ: മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ ശബ്ദം പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കുന്നില്ലെന്നും എന്നാൽ അംബാനിക്കും നീരവ് മോദിക്കുമൊക്കെ മോദിയോട് ഒരു കാര്യം പറയണമെങ്കിൽ പത്തു സെക്കന്റിനുള്ളിൽ സാധ്യമാകുമെന്നും അവരൊന്ന് മന്ത്രിച്ചാൽ പോലും മോദി അത് കേൾക്കുമെന്നും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൃപ്രയാറിൽ ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ അധികാരത്തിൽ വന്നാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. നിങ്ങളുടെ ശബ്ദം കേൾക്കാൻ ഡൽഹിയിൽ ഒരു മന്ത്രാലയമുണ്ടാകുമെന്ന് രാഹുൽ ഉറപ്പുനൽകിയപ്പോൾ തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ കരഘോഷമുയർത്തി. മോദിയെ പോലെ കപട വാഗ്ദാനങ്ങൾ നൽകുന്നയാളല്ല താനെന്നും നടപ്പാക്കാൻ കഴിയുമെന്നത് മാത്രമേ താൻ പ്രസംഗിക്കാറുള്ളുവെന്നും രാഹുൽ പറഞ്ഞു.
തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ നടന്ന പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, വി.എം.സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ 10.43-നാണ് പരന്പരാഗത വള്ളത്തിന്റെ മാതൃകയിലൊരുക്കിയ വേദിയിലേക്ക് രാഹുൽ എത്തിയത്. വിവിധ ഭാഷകളിലാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ രാഹുലിനെ അഭിവാദ്യം ചെയ്ത് വരവേറ്റത്. ദേശീയ ഗാനത്തോടെ പാർലമെന്റിന് തുടക്കമായതോടെ സ്വാഗതവും അധ്യക്ഷനുമൊന്നുമില്ലാതെ നേരെ മത്സ്യതൊഴിലാളി നേതാക്കളുമായി രാഹൂൽ സംവാദത്തിലേർപ്പെടുകയായിരുന്നു. കർണാടകയിലെ പ്രതിനിധിയാണ് ആദ്യം സംവാദത്തിൽ ചോദ്യമുന്നയിച്ചത്. തുടർന്ന് മഹരാഷ്ട്ര, ലക്ഷദ്വീപ്, ആന്ധ്ര, തമിഴ്നാട്, ഒഡീഷ, കേരളം എന്നിവടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചോദ്യങ്ങളുന്നയിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് രാഹുൽ മറുപടി പറഞ്ഞത്.