ടോം വടക്കന്റെ ബി ജെ പി അംഗത്വം , കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തൃശ്ശൂര്‍: ടോം വടക്കൻ ബിജെപിയിലേക്ക് പോയത് കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദേശമംഗലത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കേക്ക് മുറിച്ച് ടോം വടക്കന്‍റെ ബിജെപി പ്രവേശനം ആഘോഷിച്ചത്. കോണ്‍ഗ്രസ് ഓഫീസില്‍ ഒരു പ്രധാന്യവും ഇല്ലാത്ത ടോം വടക്കന്‍ കേരളത്തില്‍ വച്ച് നീട്ടിയ സീറ്റുകണ്ടാണ് അങ്ങോട്ട് ചാടിയത്, അതില്‍ ഒരു ശല്യം ഒഴിഞ്ഞുവെന്നതില്‍ കോണ്‍ഗ്രസിന് സന്തോഷമേ ഉള്ളൂവെന്ന് ഇതിന് നേതൃത്വം നല്‍കിയവര്‍ പ്രതികരിച്ചു. ടോം വടക്കന്‍റെ ഫോട്ടോയ്ക്ക് മുന്നില്‍ ചാണക വടക്കന് നന്ദി എന്ന് എഴുതിയ കേക്കാണ് ഇവര്‍ മുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് നേതാവ് ടോം വടക്കൻ ദില്ലിയില്‍ വച്ച് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു.

വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷൻ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനുള്ള മറുപടി രാജ്യം മുഴുവൻ നൽകികൊണ്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന ശേഷം ടോം വടക്കൻ പറഞ്ഞു.

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കൻ കോൺഗ്രസ് വിടുന്നത്. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് ടോം വടക്കൻ അംഗത്വം സ്വീകരിച്ചത്. പുൽവാമ വിഷയത്തിലടക്കം കോൺഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കൻ പറയുന്നത്

ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണഗ്രസിന് ഉള്ളതെന്നും ടോം വടക്കൻ ആരോപിച്ചു. മോദിയുടെ വികസന നിലപാടുകളിൽ ആകൃഷ്ടനാണ് താനെന്ന് പറഞ്ഞ ടോം വടക്കൻ അംഗത്വം അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദിയും പറയുന്നുണ്ട്.

ഇതിനിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കന്‍ എത്തുമെന്നാണ് സൂചന. തൃശൂരിലോ ചാലക്കുടിയിലോ ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.