തൃശൂരിൽ രാജാജി മാത്യു തോമസ് ഇടതു മുന്നണി സ്ഥാനാർഥി
തിരുവനന്തപുരം: ലോക സഭയിൽ രാജ്യത്തെ സി പി ഐ യുടെ ഏക സീറ്റ് ആയ തൃശൂരിൽ സി എൻ ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ സ്ഥാനാർഥിയാക്കി .തൃശൂർ അടക്കം നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ തയ്യാറാക്കി . തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ മത്സരിക്കും. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും വയനാട്ടിൽ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ. രണ്ട് സിറ്റിംഗ് എംഎൽഎമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗൺസിൽ അംഗീകാരം നൽകി.
തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുതൽ ആനി രാജ വരെയുള്ളവരുടെ പേരുകൾ പരിഗണിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം കാനം രാജേന്ദ്രൻ തള്ളി. മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രൻ അറിയച്ചതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം പരിഗണിച്ച രണ്ടാമത്തെ പേരെന്ന നിലയിൽ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാൻ ധാരണയായത്.മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് മൂന്ന് ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള സാധ്യതാ പട്ടികയാണ് പരിഗണിക്കേണ്ടത്. മൂന്നിടത്തു നിന്നും ഒരു പോലെ വന്ന പേരെന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം.
നിലവിലെ എംപി സിഎൻ ജയദേവന് സീറ്റ് നിഷേധിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുന്നത്. പട്ടികയിൽ രണ്ടാമത്തെ പേരായി മുൻമന്ത്രി കെപി രാജേന്ദ്രനുണ്ടായിരുന്നെങ്കിലും അവസാനവട്ട ചര്‍ച്ചയിൽ നറുക്ക് വീണത് രാജാജി മാത്യു തോമസിനാണ്. വയനാട് ജില്ലാ നേതൃത്വത്തിന്റെ ലിസ്റ്റിലുണ്ടായിരുന്ന പേര് പാടെ അവഗണിച്ചാണ് പിപി സുനീറിന്‍റെ സ്ഥാനാര്‍ത്ഥിത്വം.