പിണറായി വിജയന്‍ കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലം കഴിഞ്ഞു : വി ടി ബലറാം
തൃശൂർ : കേരളം മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം പറഞ്ഞു . സാംസ്കാരിക നായകര്‍ക്കെതിരായി നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ബല്‍റാം മറുപടി നല്‍കി .
വിടി ബലറാം നല്‍കിയ മറുപടി ഇതാണ്
കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. << ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്‌എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്? സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു. കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ യാതൊരു പ്രതികരണവും നടത്താത്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.