കാസര്‍കോട് ഇരട്ടക്കൊല , പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ പ്രതി എ.പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയ്‌ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നും, സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. 48 മണിക്കൂറിനുള്ളില്‍ പ്രതിയുടെ വെെെദ്യ പരിശോധന നടത്തി, ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ പീതാംബരനുമായി അന്വേഷണ സംഘം കല്യോട്ട് തെളിവെടുപ്പ് നടത്തി. പൊട്ടക്കിണറ്റില്‍ നിന്നും മൂന്ന് ഇരുമ്ബുദണ്ഡുകളും ഒരു വടിവാളും കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി തെളിവെടുപ്പിന് കല്യോട്ടെത്തിയത്. നൂറു കണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
ചൊവ്വാഴ്ചയാണ് പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃപേഷിനെ തല വെട്ടി പിളര്‍ത്തി കൊല നടത്തിയത് താന്‍ തന്നെയാണ് പീതാംബരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ കസ്റ്റഡിയിലുള്ളവരെയും പീതാംബരനെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രതി എ.പീതാംബരന്റെ ഭാര്യയും മകളും രംഗത്ത്. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും അവര്‍ വെളിപ്പെടുത്തി. പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോള്‍ ഒരാളും വന്നിട്ടില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാര്‍ട്ടി പുറത്താക്കി . നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവിക കുറ്റപ്പെടുത്തി. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.