Madhavam header
Above Pot

മമ്മിയൂരിൽ മേൽപാലം നിർമിക്കാൻ മൂന്ന് കോടി , ഗുരുവായൂർ നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചു .

ഗുരുവായൂർ : ഗുരുവായൂർ നഗരത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായ മമ്മിയൂർ ജംഗ്‌ഷനിൽ മേൽപാലം നിർമിക്കാൻ മൂന്ന് കോടി രൂപ വകയിരുത്തി ഗുരുവായൂർ നഗര സഭയുടെ 2019-20 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ കെ പി വിനോദ് അവതരിപ്പിച്ചു . ഇതടക്കം 292 കോടി 19 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് . നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന ബഡ്ജറ്റ് അവതരണ യോഗത്തിൽ ചെയർ പേഴ്സൺ വി എസ് രേവതി അധ്യക്ഷത വഹിച്ചു. . 296 കോടി 22 ലക്ഷത്തി 54,251 രൂപ വരവും 292 കോടി 19 ലക്ഷത്തി 65,589 രൂപ ചെലവും 4 കോടി 2 ലക്ഷത്തി 88,662 രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന ബഡ്ജറ്റാണ് കൗൺസിലിന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചത്.

മുൻ വർഷങ്ങളിൽ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ മാത്യകയാക്കാവുന്ന ജലബഡ്ജറ്റ് അവതരിപ്പിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഗുരുവായൂർ നഗരസഭ ഈ വർഷം തീർത്ഥാടനത്തിന് പ്രശസ്തമായ നഗരത്തെ മാലിന്യവിമുക്തമാക്കുന്നതിനും ശുചിത്വ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നതിനും പ്രധാന്യം നൽകുന്നതുമായ ബഡ്ജറ്റാണ് അവതരിപ്പിച്ചത് . മാലിന്യ വിമുക്തം, ശുചിത്വം , ആരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ബഡ്ജറ്റിലൂടെ ചക്കം കണ്ടം നിവാസികളുടെ മാലിന്യമെന്ന എക്കാലത്തെയും ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് നഗരസഭ മുന്നോട്ട് വെക്കുന്നത്.

Astrologer

ജലത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നഗരസഭ പ്രദേശത്തെ കുളങ്ങളും കൽകിണറുകളും സംരക്ഷിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നായ കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ ആധുനിക രീതിയിൽ നിർമ്മിക്കുന്നതിനായി 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ടൗൺഹാൾ, കംഫർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിൽ മലിനജലം ശുദ്ധീകരിക്കുന്നതിനായി ട്രീറ്റ് മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിനായി 35 ലക്ഷം രൂപ വകയിരുത്തി . കൊതുക് നിവാരണ സേനയ്ക്ക് 43 ലക്ഷം രൂപ വകയിരുത്തി. മാലിന്യപ്രശ്‌നം ഏറ്റവും രൂക്ഷമായി നിലനിൽക്കുന്ന ചക്കംകണ്ടം, ചൂൽപ്പുറം പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി സുജലം പദ്ധതിയ്ക്കായി 1 കോടി രൂപ വകയിരുത്തി.

തൈക്കാട് , പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികൾക്കായി 60 ലക്ഷം രൂപ വകയിരുത്തി. ഗുരുവായൂർ നഗരസഭ ആയുർവേദ ആസ്പത്രിയുടെ സമഗ്ര വികസനത്തിനായി 5 കോടി രൂപ വകയിരുത്തി . കളരി അക്കാദമിയ്ക്കായി 25 ലക്ഷം രൂപ വകയിരുത്തി. ചക്കംകണ്ടത്ത് ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നതിനായി 15 ലക്ഷം രൂപയും, കിഴക്കെ നടയിലെ സത്യഗ്രഹസ്മാരകം ചരിത്രാന്വേഷികൾക്കും വിദ്യാർത്ഥികൾക്കും വിനോദ സഞ്ചാരികൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സജ്ജീകരിക്കുന്നതിനായി 3 കോടി രൂപ വകയിരുത്തി. വനിതാശാക്തീകരണത്തിനായി വനിതാസംരംഭങ്ങൾ, ഗ്രീൻപാർക്ക്, കുടുംബശ്രീ , ജൈവ പച്ചക്കറി വിപണന കേന്ദ്രം, ചകിരിചോറ് ഉൽപാദ കേന്ദ്രം, കൺട്രാക്ഷൻഗ്രൂപ്പ്, നഴ്‌സറി, എന്നിവയ്ക്കായി 37 ലക്ഷം രൂപ വകയിരുത്തി. മുതിർന്ന പൗരന്മാർക്കും വനിതകൾക്കുമായി ആരോഗ്യസംരക്ഷണത്തിനായി ജിനേഷ്യം സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപയും ഫിസിയോതെറാപ്പി യൂണിറ്റിനായി 5 ലക്ഷം രൂപയും ബഡ്‌സ് സ്‌കൂൾ നിർമ്മിക്കുന്നതിനായി 35 ലക്ഷം രൂപയും . അഗതി മന്ദിരത്തിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനായി 2 കോടി രൂപയും ഡയാലിസിസ് യൂണിറ്റ് നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപയും വകയിരുത്തി .

ദിവസവും ആയിരകണക്കിന് തീർത്ഥാടകർ വന്നുപോകുന്ന ഗുരുവായൂരിലെ പ്രധാനപ്പെട്ട ഇടമായ കിഴക്കേ നടയിലെ ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നിർമ്മിക്കുന്നതിനായി 14 കോടി രൂപയും സ്ട്രീറ്റ് ഷോപ്പിംങ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിനായി 4 കോടി രൂപയും വകയിരുത്തി. അമ്പാടി മാൾ 5 നിലകളിൽ നിർമ്മിക്കുന്നതിനായി 12 കോടി രൂപ വകയിരുത്തി . പ്രകാശ നഗരത്തിനായി 1 കോടി രൂപയും വകയിരുത്തി. പട്ടികജാതി വികസനത്തിനും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട് വിദ്യാഭ്യാസം കല സാംസ്‌കാരിക മേഖലയ്ക്കും ബജറ്റ് വലിയ പ്രാധാന്യം നൽകുന്നു. ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ട് വികസനത്തിനും ,നഗരസഭയിലെ സ്‌കൂളികളിലേക്ക് ഫർണീച്ചറുകൾ വാങ്ങുന്നതിനും, ഇരിങ്ങപ്പുറം ജി.എൽ.പി സ്‌കൂളിൽ പുതിയ ക്ലാസ്സ് മുറികൾ നിർമ്മിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഗുരുവായൂരിന്റെ സമഗ്ര വികസനം ലക്ഷ്യംവെക്കുന്ന മികച്ച ബജറ്റാണ് ഗുരുവായൂർ നഗരസഭയിൽ വൈസ് ചെയർമാൻ കെ.പി വിനോദ് അവതരിപ്പിച്ചത്. ബജറ്റിനെ സംബന്ധിച്ചുള്ള ചർച്ച ബുധനാഴ്ച നടക്കും .

Vadasheri Footer