സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ്, ചട്ടപ്രകാരമെന്ന് ഐ ജി യുടെ റിപ്പോർട്ട്
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരമെന്ന് ഐജിയുടെ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളജ് സിഐ എന്നിവരിൽ നിന്നെല്ലാം ഐജിയുടെ ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികള്‍ പാർട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നൽകിയ വിശദീകരണം.
മുഖ്യപ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്. ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിർദ്ദേശമനുസരിക്കായിരുന്നുവെന്നാണ് മറ്റുള്ളവരുടെ വിശദീകരണം. പത്തുമിനിറ്റിൽ താഴെ മാത്രമാണ് മേട്ടുകടയിലുള്ള പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥർ ഐജിക്ക് നൽകിയ വിവരം.
കഴിഞ്ഞ 24-ന് രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധനയായതിനാൽ കടുത്ത നടപടിയൊന്നും ഉദ്യോഗസ്ഥക്കെതിരെ എടുക്കാനാവില്ല. എന്നാൽ ചൈത്രക്കെതിരെ കടുത്ത നടപടിവേണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. അതേസമയം റെയ്ഡ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം പ്രകടപ്പിക്കുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ പോലും യുവ ഉദ്യോഗസ്ഥരുടെ മനോവീര്യം തർക്കരുതെന്ന രീതിയിൽ നടപടി പാടില്ലെന്ന കടുത്ത നിലപാടിലാണ്. ഈ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിക്ക് നൽകുന്ന ശുപാർശ നിർണായകമായിരിക്കും.