Madhavam header
Above Pot

ഗുരുവായൂർ ബസ് ടെർമിനൽ , ആര്‍കിടെക്ചറല്‍ ഡിസൈന്‍ തയ്യാറാക്കാൻ കരാറായി ,

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയുടെ ബസ് ടെര്‍മിനലും കിഴക്കെ നടയിലെ തെരുവോര കച്ചവട കേന്ദ്രവും നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങി. 15 കോടി രൂപ ചെലവിലാണ് ടെര്‍മിനലും കച്ചവട കേന്ദ്രവും നിര്‍മിക്കുന്നത്. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനും ആര്‍കിടെക്ചറല്‍ ഡിസൈന്‍ തയ്യാറാക്കുന്നതിനുമായി എന്‍ജിനീയറിങ് കോളജുമായി കരാറുണ്ടാക്കിയതായി കൗണ്‍സിലില്‍ അറിയിച്ചു.

ഇവര്‍ക്ക് അഡ്വാന്‍സ് അനുവദിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കി. കൗണ്‍സില്‍ വിളിച്ച രീതിയെ ചൊല്ലി ആരംഭത്തില്‍ പ്രതിപക്ഷം തര്‍ക്കം ഉന്നയിച്ചിരുന്നു. പിന്നീട് ചെയര്‍പേഴ്‌സന്റെ വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായി. ആന്ധ്ര പാര്‍ക്കും പടിഞ്ഞാറെ നടയിലെ പാര്‍ക്കും നിര്‍മാണ പ്രവൃത്തികള്‍ക്കായി അടക്കുന്ന സാഹചര്യത്തില്‍ മഞ്ചിറ റോഡിന് സമീപം താത്ക്കാലിക പാര്‍ക്കിങ് ഒരുക്കും. സൗജന്യ നിരക്കില്‍ ടൗണ്‍ ഹാള്‍ അനുവദിക്കുമ്പോള്‍ അവിടെ കച്ചവട അടിസ്ഥാനത്തില്‍ സ്റ്റാളുകള്‍ നിര്‍മിച്ചാല്‍ സൗജന്യം റദ്ദാക്കി മുഴുവന്‍ തുകയും ഈടാക്കും. ഉദ്ഘാടനം കഴിഞ്ഞ തൈക്കാട് പകല്‍ വീടും, മൃഗാശുപത്രിയും തുറന്നു കൊടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പൂര്‍ണമായ സൗകര്യങ്ങള്‍ ഒരുക്കി ഇവ തുറന്നു കൊടുക്കാന്‍ പദ്ധതിയായിട്ടുണ്ടെന്ന് ഭരണ പക്ഷം അറിയിച്ചു. വാതക ശ്മശാനത്തിലെ രണ്ട് യൂനിറ്റും പ്രവര്‍ത്തിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍വീസ് ടാക്‌സിന്റെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നഗരസഭക്ക് 57000 രൂപ നഷ്ടം വന്ന സംഭവത്തില്‍ അന്നത്തെ സെക്രട്ടറിയായിരുന്ന രഘുരാമനില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ തീരുമാനിച്ചു. ചെയര്‍പേഴ്‌സന്‍ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു

Vadasheri Footer