
വസോര്‍ധാരയോടെ മമ്മിയൂര്‍ മഹാരുദ്രയജ്ഞത്തിന് പരിസമാപ്തി

ഗുരുവായൂര്‍: ശൈവമന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയില്‍ പരിപാവനമായ വസോര്‍ധാരയോടെ മമ്മിയൂര്‍ മഹാരുദ്രയജ്ഞത്തിന് സമാപനമായി. 11 വെള്ളിക്കലശകുടങ്ങളില്‍ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, പാല്‍, തൈര്, തേന്‍, കരിമ്പിന്‍ നീര്‍, ചെറുനാരങ്ങ നീര്, ഇളനീര്‍, അഷ്ടഗന്ധജലം എന്നിവ ശ്രീരുദ്രമന്ത്രജപത്താല്‍ ചൈതന്യമാക്കിയ ശേഷമായിരുന്നു രുദ്രാഭിഷേകം. 11 ദിസങ്ങളിലായി നടന്ന അഭിഷേകങ്ങളില്‍ 121 കലശക്കുടങ്ങളാണ് മഹാദേവന് അഭിഷേകം ചെയ്യപ്പെട്ടത്.

ധാരമുറിയാതെ ഹോമകുണ്ഠത്തിലേക്ക് ശുദ്ധമായ പശുവിന്‍ നെയ്യ് ഹോമിക്കുന്ന ചടങ്ങായ വസോര്‍ധാരയായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങ്. വസോര്‍ധാരക്കും, അഭിഷേകത്തിനും ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് കാര്‍മ്മികത്വം നല്‍കി. യജ്ഞ പുണ്യം നുകരാന്‍ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. നാഗക്കാവിലെ നാഗപ്പാട്ട്, നാവോര്‍പ്പാട്ട്, സര്‍പ്പബലി എന്നിവക്കും സമാപനമായി. കലാപരിപാടികള്‍ക്കും തിരശ്ശീല വീണു.

മഹാരുദ്രയജ്ഞത്തിന്‍റെ ആദ്യ ദിവസം മുതല്‍ ക്ഷേത്രത്തില്‍ പാഠകം നടത്തിയ കലാമണ്ഡലം ഈശ്വരനുണ്ണിയെ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ പൊന്നാടയും, ഉപഹാരവും നല്‍കി ആദരിച്ചു. പഞ്ചഭൂതലിംഗ ക്ഷേത്രങ്ങളും ദീക്ഷിത കൃതികളും എന്ന വിഷയത്തില്‍ എടമന വാസുദേവന്‍ നമ്പൂതിരി വ്യത്യസ്ത രീതിയില്‍ നടത്തിയ ഭക്തിപ്രഭാഷണം ഭക്തജനങ്ങള്‍ക്ക് ഏറെ കൗതുകകരമായി. വൈകീട്ട് കോട്ടയം ജയകൃഷ്ണ തിയ്യറ്റേഴ്സിന്‍റെ ദേവി കന്യാകുമാരി എന്ന ബാലെയോടെ ഈ വര്‍ഷത്തെ മഹാരുദ്രയജ്ഞത്തിന് തിരശീല വീണു. മഹാരുദ്രയജ്ഞത്തിന്‍റെ ഭാഗമായി നടന്ന പ്രസാദ ഊട്ടിന് 2500-ല്‍ പരം ആളുകള്‍ പങ്കെടുത്തു.