കേരളത്തിലെ ക്ഷേത്ര പ്രവേശന സമരത്തിൽ സി പി എമ്മിന് യാതൊരു പങ്കുമില്ല : കെ സി വേണുഗോപാൽ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിലോ ,കേരളത്തിലെ നവോഥാന മുന്നേറ്റത്തിലോ സി പി എമ്മിന് യാതൊരു പങ്കുമില്ലായിരുന്നു എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എം പി അഭിപ്രായപ്പെട്ടു . കോൺഗ്രസ് നേതാവ് കെ കേളപ്പജി നടത്തിയ ക്ഷേത്ര പ്രവേശന സമരത്തിൽ കോൺഗ്രസ് പ്രവർത്തകരായിരുന്നത് കൊണ്ടാണ് എ കെ ജി യും ,കൃഷ്ണ പിള്ളയും പങ്കെടുത്തത് . ഒരുക്കാലത്ത് ക്ഷേത്ര പ്രവേശനത്തിനായിരുന്ന സമരങ്ങളെങ്കിൽ ഇന്ന് ആ ക്ഷേത്രങ്ങളിലെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ ഡി.സിസി ഗുരുവായൂരിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെയും സി.പി.എമ്മിന്റേയും രഹസ്യ അജൻഡകൾ നടപ്പാക്കാൻ സുപ്രീം കോടതി വിധിയെ ദുരുപയോഗിക്കുകയാണ്. ഇരുകൂട്ടരുടെയും ലക്ഷ്യം കോൺഗ്രസിൻറെ നാശമാണ്. സ്ത്രീപ്രവേശനത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലം മാറ്റി മറ്റൊരു
സത്യവാങ് മൂലം നൽകി ,ഇപ്പോഴുണ്ടായ സുപ്രീം കോടതി വിധി ചോദിച്ചു വാങ്ങുകയായിരുന്നു പിണറായി സർക്കാർ ചെയ്‌ത ത് .
സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരിനെ കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാതെ തെരുവിൽ സമരത്തിന് ഇറങ്ങുന്ന ബി ജെ പിയുടെ തനി സ്വരൂപം ഗോൾഡൻ ഓപ്പർചുനിറ്റി എന്ന ശ്രീധരൻ പിള്ളയുടെ പ്രസംഗത്തോടെ പുറത്തായി എന്നും വേണുഗോപാൽ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എൻ.പ്രതാപൻ അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യൂ കുഴൽനാടൻ, ബാലചന്ദ്രൻ വടക്കേടത്ത്, പി.വി.കൃഷ്ണൻ നായർ, അനിൽ അക്കര എം എൽ എ , പി എ മാധവൻ , ടി യു രാധാകൃഷ്ണൻ , ഒ.അബ്ദുറഹ്മാൻകുട്ടി, ജോസഫ് ചാലിശ്ശേരി , വി. ബലറാം എന്നിവർ സംസാരിച്ചു.ജില്ല നേതാക്കളായ സി ഐ സെബാസ്റ്റ്യൻ ,സുനിൽ അന്തിക്കാട് പി കെ രാജൻ ജോസ് വള്ളൂർ ,സുനിൽ ലാലൂർ , ഷാജി കോടങ്കണ്ടത്ത് ,സി സി ശ്രീകുമാർ ,വിജയ് ഹരി ,കെ ഡി വീരമണി ,ബ്ളോക് പ്രസിഡന്റ് മാരായ ഗോവ പ്രതാപൻ ,ഫസലുൽ അലി എന്നിവർ സംബന്ധിച്ചു