ശബരിമല : പോലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണമെന്ന നിർദേശം ചെറുത്ത് തോൽപിക്കും : പി എസ് ശ്രീധരൻ പിള്ള
മാനന്തവാടി : ശബരിമല പ്രവേശത്തിന് പോലിസ് സ്റ്റേഷനിൽ നിന്നും വാഹനങ്ങള്‍ പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്തു തോൽപിക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള. വയനാട് മാനന്തവാടിയില്‍ രഥയാത്രക്ക് ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു ശ്രീധരന് പിള്ള. വിശ്വാസത്തെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമാണിതെന്നും അതിനെതിരെ വിശ്വാസികള്‍ അണിനിരക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയിരിക്കുകയാണ്. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങി പതിക്കണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും.
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന് റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
ഇതിനിടെ ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി കൂടുതൽ യുവതികള്‍ രംഗത്ത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് പൊലീസ് പോര്‍ട്ടലില്‍ ദര്‍ശനാനുമതി തേടി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഇതുവരെ മൂന്നര ലക്ഷം പേരാണ് തീര്‍ത്ഥാടനത്തിനായി ബുക്ക് ചെയ്തത്. കൂടുതല്‍ പേര് ഇനിയും ബുക്ക് ചെയ്യുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ സമരമൊന്നും സ്ത്രീകളെ പിന്നോട്ടടിച്ചിട്ടില്ലെന്ന് തന്നെയാണ് ഈ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്.ആര്.ടി.സിയുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുമുണ്ട്.
നിരവധി പേര് ആശങ്കയോടെയാണ് വിളിക്കുന്നതെന്നും ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്. കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്.ടിസി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്.ടി.സിയും പൊലീസും സംയുക്തമായാണ് പോര്‍ട്ടല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.