ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് അയ്യപ്പ ഭജനസംഘത്തിന്റെ വിളക്കാഘോഷത്തിന് ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു. ചെരാതും, നിലവിളക്കുകളുമായി വൈകീട്ട് ദീപാരധനക്ക് ശേഷമാണ് ക്ഷേത്രവും, പരിസരവും ദീപകാഴ്ച്ചയൊരുക്കി ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കിയത്. ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചകഴിഞ്ഞും ശശിമാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടേയുള്ള കാഴ്ച്ചശീവേലി, സന്ധ്യക്ക് തായമ്പകയും, രാത്രിവിളക്കെഴുെള്ളിപ്പും വിളക്കാഘോഷത്തിന് പൊലിമയായി.
വിളക്കാഘോഷത്തിന്റെ 13-ാം ദിവസമായ നവംബർ ഒന്നിന് ക്ഷേത്രത്തില്‍ പോലീസ്‌വിളക്ക് ആഘോഷിക്കും. ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചക്കും മേളരത്‌നം കക്കാട് രാജപ്പന്‍മാരാരുടെ നേതൃത്വത്തില്‍ അമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തോടേയുള്ള കാഴ്ച്ചശീവേലിയും, തൃക്കൂര്‍ അശോക്മാരാരും, സംഘവും നേതൃത്വം നല്‍കുന്ന പഞ്ചവാദ്യത്തോടേയുള്ള വിളക്കെഴുെള്ളിപ്പിനും ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ കാരണവര്‍ ഗജരത്‌നം പത്മനാഭന്‍ ശ്രീഗുരുവായൂരപ്പന്റെ തങ്കതിടമ്പേറ്റും. വൈകീട്ട് 6-ന് ഡബ്ബിള്‍ തായമ്പകയുമുണ്ടാകും. രാവിലെ 11.30-ന് കിഴക്കേ നടപന്തലില്‍ അമനട പരമേശ്വരന്‍ മാരാരും, സംഘവും അവതരിപ്പിക്കു പഞ്ചവാദ്യത്തില്‍ കലാമണ്ഡലം കുട്ടിനാരായണന്‍ (മദ്ദളം), മുണ്ടത്തിക്കോട് സന്തോഷ് (ഇലക്കാളം), മച്ചാട് പത്മകുമാര്‍ (കൊമ്പ്), പല്ലശ്ശന സുധാകരന്‍ (ഇടക്ക) എന്നിവര്‍ പക്കമേളമൊരുക്കും.