ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ആർക്കും ശിക്ഷയില്ല
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ഹംസയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. നേരത്തെ കേസിലെ എട്ടു പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. കേസന്വേഷണത്തിനിട മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ പി വി ഹംസയെ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് വഴിത്തിരിവായി മാറിയത്.
ഹൈക്കോടതി ഉത്തരവോടെ കേസില്‍ അറസ്റ്റിലായ ആര്‍ക്കും ശിക്ഷ ലഭിക്കില്ല.
1993 ജൂലൈ 29ന് ആണ് എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽനിന്ന് ചേകനൂർ മൗലവി (58) എന്ന ചേകനൂർ പി.കെ.അബുൽ ഹസ്സൻ മൗലവിയെ രണ്ടുപേർ കൂട്ടിക്കൊണ്ടുപോയത്. മതപഠന ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ രണ്ടുപേർ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേർ കൂടി വാഹനത്തിൽ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കൽ ചുവന്നകുന്നിനോടു ചേർന്നുള്ള ആന്തിയൂർകുന്നിൽ കുഴിച്ചിട്ടു. പിന്നീട് മൃതദേഹം മാറ്റിയെന്നാണ് സി ബി ഐ കണ്ടെത്തൽ.
ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ പരാതി നൽകി. ഓഗസ്‌റ്റ് 16ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്‌റ്റ് രണ്ടിനു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 2000 നവംബർ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരിൽനിന്ന് അറസ്‌റ്റ് ചെയ്‌തു. 2003ലായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കേസിലെ എട്ടു പ്രതികള്‍ക്കെതിരെയും കൊലപാതകം, ഗൂഡാലോചന എന്നീ കേസുകളാണ് ചുമത്തിയിരുന്നത്. ഒമ്പതു പ്രതികളും നാല്‍പത് സാക്ഷികളുമായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. സാക്ഷികളില്‍ 14 പേര്‍ വിചാരണവേളയില്‍ കൂറുമാറിയിരുന്നു. വിദേശത്തുള്ള ഒരാള്‍ ഹാജരായിരുന്നില്ല.
ഒൻപതു പ്രതികളുണ്ടായിരുന്ന കേസിൽ 2010 സെപ്റ്റംബർ 29ന് ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ച കോടതി തെളിവില്ലാത്തതിനാൽ മറ്റുള്ളവരെ വെറുതെ വിട്ടു . ചേകനൂർ മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് കേസ്. ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനായ ചേകന്നൂർ മൗലവി മതഗ്രന്ഥങ്ങളുടെ വേറിട്ട വ്യാഖ്യാനമാണു നടത്തിയത്.