Header

കേന്ദ്ര സര്‍ക്കാര്‍ ലൈംഗിക വൈകൃതമുള്ളവരെ സംരക്ഷിക്കുന്നു: കോൺഗ്രസ്സ്

ന്യൂഡഹി: മീ ടു വിവാദത്തിൽ എം.ജെ അക്ബറിനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശവുമായി കോണ്‍ഗ്രസ്. നിരവധി സ്ത്രീകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടും മന്ത്രിയുടെ രാജി സര്‍ക്കാരോ പ്രധാനമന്ത്രിയോ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം. സര്‍ക്കാര്‍ ലൈംഗിക വൈകൃതമുള്ളവരെ സംരക്ഷിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

വിദേശത്തായിരുന്ന എം.ജെ അക്ബര്‍ തിരിച്ച് രാജ്യത്തെത്തിയ ശേഷം മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. രാജിവെക്കാനുള്ള ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയാണ് സര്‍ക്കാര്‍ ലൈംഗിക വൈകൃതമുള്ളവരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണെന്ന് ട്വീറ്റ് ചെയ്തത്.

Astrologer

എങ്ങനെയാണ് 12ല്‍ കൂടുതല്‍ സ്ത്രീകളുടെ ആരോപണം ഒരു രാഷ്ട്രീയ ഗൂഡാലോചനയായി അദ്ദേഹം ആരോപിക്കുന്നതെന്ന് താന്‍ അത്ഭുതപ്പെടുന്നു. അദ്ദേഹത്തിന്റെ രാജി തെരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തിനെയാണ് സ്വാധീനിക്കുക എന്നതാണ് മറ്റൊരു അത്ഭുതമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ എം.ജെ അക്ബര്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായാണ് മന്ത്രിസഭയില്‍ എത്തിയത്.

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പന്ത്രണ്ടോളം വനിതാമാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്.

ഇതേ തുടര്‍ന്ന് ആഫ്രിക്കന്‍ പര്യടനത്തിലായിരുന്ന അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍മാധ്യമപ്രവര്‍ത്തകനായ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചെത്തിയവരില്‍ വിദേശമാധ്യമപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്.