Above Pot

ദിലീപ് വിഷയം , അമ്മയിൽ ഭിന്നത രൂക്ഷം , സിദ്ധിക്കും ജഗദീഷും കൊമ്പുകോർത്തു

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമായെന്ന് സൂചന. അമ്മ ജനറല്‍ ബോഡി വിളിക്കാന്‍ ആലോചനയുണ്ടെന്ന് കാണിച്ച് പുറത്തുവിട്ട പത്രക്കുറിപ്പിനെ കുറിച്ച് അറിയില്ലെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ്. ജഗദീഷ് ഖജാന്‍ജി മാത്രമാണ്. ഔദ്യോഗിക വക്താവ് സ്ഥാനം അദ്ദേഹത്തിന് ഉണ്ടോയെന്ന് തനിക്കറിയില്ല. മോഹന്‍ലാല്‍, ഇടവേള ബാബു തുടങ്ങി അമ്മയുടെ മറ്റ് ഭാരവാഹികളുമായി സംസാരിച്ചശേഷമാണ് താന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ജഗദീഷിന്റെ പത്രക്കുറിപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും താന്‍ നടത്തിയതയാണ് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനമെന്നും സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിക്കുന്നതിന് മുന്‍പാണ് ജഗദീഷ് പത്രക്കുറിപ്പ് ഇറക്കിയത്. ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകാതെ ജനറല്‍ ബോഡി വിളിക്കുമെന്നും ദിലീപ് രാജിവച്ചത് സംഘടനയിലെ ഒരു വിഭാഗം മാത്രമാണ് അറിഞ്ഞിരിക്കുന്നതെന്നുമായിരുന്നു പത്രക്കുറിപ്പിന്റെ ഉള്ളടക്കം. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് പത്രക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് മറുപടി നല്‍കി. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്ക് അത് അയച്ചുകൊടുത്തിരുന്നു. എന്തുകൊണ്ടാണ് സിദ്ദിഖ് തിരിച്ചുപറഞ്ഞതെന്ന് അറിയില്ല. ഇതിനെകുറിച്ച് അച്ചടക്കമുള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

സിദ്ദിഖ് പറയുന്നതാണോ ജഗദീഷ് പറയുന്നതാണോ അമ്മയുടെ ഔദ്യോഗിക നിലപാട് എന്ന് സംഘടന വ്യക്തമാക്കണമെന്ന് നടി പാര്‍വ്വതി. ആരുടെ പ്രസ്താവനയോടാണ് തങ്ങള്‍ പ്രതികരിക്കേണ്ടത്. അമ്മ തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് അമ്മ മറുപടി നല്‍കിയിട്ടില്ല. ഡബ്ല്യൂസിസിക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന സിദ്ദിഖിന്റെ ആരോപണത്തെ ചിരിച്ചുതള്ളുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കി