
തൃശൂരിൽ 3030 ലിറ്റർ സ്പിരിറ്റ് പിടികൂടി

തൃശൂർ : ഓണത്തിന് വിറ്റഴിക്കാൻ 101 കന്നസുകളിലായി സൂക്ഷിച്ചു വച്ചിരുന്ന 3030 ലിറ്ററോളം സ്പിരിറ്റ് പിടികൂടി. മണ്ണുത്തി കാളത്തോടിൽ ബാറ്ററി വാട്ടർ കച്ചവടത്തിനായി വാടകക്കെടുത്ത വീട് ഗോഡൗണാക്കി സ്പിരിറ്റ് ശേഖരിച്ചു വെച്ചിരിക്കുകയായിരുന്നു .ഗോഡൗണിലെ വാനിൻ്റെ ഡ്രൈവറും ഒപ്പം പിടിയിലായിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിറ്റി നർക്കോട്ടിക് സെൽ എ.സി.പി ഷിബു.പി യുടെ നേത്വത്തിൽ ജില്ലാ ഡാൻ സാഫ് സബ്ബ് ഇൻസ്പെക്ടർ ബി പിൻ.പി.നായരും സംഘവും മണ്ണുത്തി പോലീസ് ഇൻസ്പെക്ടർ ബിജു വും പോലീസ് സംഘവും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാളത്തോടുള്ള ഗോഡൗണിലേയ്ക്ക് സ്പിരിറ്റ് പിക്കപ്പ് വാനിൽ എത്തിച്ചിരുന്ന ഡ്രൈവർ തൃശൂർ അന്തിക്കാട് സ്വദേശി അജയ് ഇ.സുരേഷ് (28) നെ പിടികൂടിയത്.
ഇതിലൂടെ ഓണക്കാലത്ത് ഉണ്ടാകുമായിരുന്ന വൻ വ്യാജമദ്യ വിൽപ്പനയാണ് തടയാൻ സാധിച്ചതെന്നും കേസിലെ പ്രധാന പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടനേ പിടികൂടുമെന്നും കമ്മിഷണർ അറിയിച്ചു.
