
ഇടിമിന്നലിൽ കനത്ത നാശം ,ഒരുമനയൂരിൽ ഹോട്ടൽ കത്തിനശിച്ചു

ചാവക്കാട്: ശക്തമായ ഇടിമിന്നലില്‍ ചാവക്കാട് മേഖലയില്‍ പരക്കെ നാശം. ഒരുമനയൂരില്‍ റസ്റ്റോറന്റ് കത്തിനശിച്ചു .മണത്തലയില്‍ ഇടിമിന്നലില്‍ പൊള്ളലേറ്റും വീടിന്റെ ചുമരില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്റര്‍ ബോര്‍ഡും മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിങ്ങും ദേഹത്തേക്കു തെറിച്ചുവീണും മൂന്ന് പേര്‍ക്ക് പരിക്ക്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മണത്തല ഐനിപ്പുള്ളി വീട്ടില്‍ മനോജ് (42), ഭാര്യ സ്മൃതി 34(മുന്‍ നഗരസഭാ കൗണ്‍സിലര്‍) , ഇവരുടെ മകള്‍ ധ്വനി(ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. സ്മൃതിയുടെ കൈയ്യിലും വയറ്റിലും പൊള്ളലും മുറിവുകളുമുണ്ടായി. മകള്‍ ധ്വനിയുടെ തലയിലുണ്ടായ മുറിവില്‍ തുന്നലിട്ടു. ധ്വനിയുടെ പുറത്തും മുറിവുകളുണ്ട്. മനോജിന് നെഞ്ചിനുതാഴെയും വയറ്റിലുമായി മുറിവുകളുണ്ട്. ഇടിമിന്നലില്‍ വീടിന്റെ കോണ്‍ക്രീറ്റ് മേല്കൂരയില് വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇലക്ട്രിങ് വയറിങ് പൂര്‍ണമായും കത്തിനശിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചു. ഇടിമിന്നലിന്റെ ശക്തിയില്‍ പ്ലമ്പിങ് പൈപ്പുകള്‍ പൊട്ടിച്ചിതറി. ഇടിമിന്നലില്‍ ഇവരുടെ അയല്‍വാസിയായ ഐനിപ്പുള്ളി സാവിത്രി രാജന്റെ വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

ഒരുമനയൂര്‍ കഴുത്താക്കല് കെട്ടിനു സമീപം പ്രവര്‍ത്തിക്കുന്ന മേല്‍ക്കൂര ഓലകൊണ്ടു മേഞ്ഞ കായലോരം റസ്റ്റോറന്റാണ് പുലര്‍ച്ചെ മൂന്നോടെയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് കത്തിനശിച്ചത്. ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നു കരുതുന്നു. റസ്റ്റോറന്റിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും തീപ്പൊരി ഉയര്‍ന്നത് തീപിടിത്തത്തിലേക്ക് നയിച്ചതാകാമെന്നാണ് നിഗമനം.

പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് റസ്റ്റോറന്റ് കത്തുന്നതു കണ്ടത്. റസ്റ്റോറന്റിന്റെ മേല്‍ക്കൂര ഓലകൊണ്ട് മേഞ്ഞതായത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. അപകടത്തില്‍ റസ്റ്റോറന്റിലെ സാധനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തില്‍ ഭക്ഷണശാലയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

