ബന്ധു നിയമന വിവാദം , മന്ത്രി കെ ടി ജലീലിനെ പുറത്താക്കണം : പി കെ ഫിറോസ്
കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ഫെയ്സ്ബുക്കിലൂടെ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്. ഇതു പ്രകാരം മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.
പിതൃസഹോദര പുത്രനായ കെ ടി അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രി കെ ടി ജലീല്‍ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നായിരുന്നു ഫിറോസ് ഇന്നലെ ഉന്നയിച്ച ആരോപണം. ഈ തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ തൽക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനിൽ വരണമെന്ന് അഭ്യർത്ഥിച്ചതനുസരിച്ചാണ് തന്റെ ബന്ധുവായ അദീപ് ജോലിയില്‍ പ്രവേശിച്ചതെന്ന് മന്ത്രി ജലീല്‍ വെള്ളിയാഴ്ച ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ വിശദീകരണങ്ങള്‍ കുറ്റസമ്മതത്തിന് സമാനമാണെന്ന് ഫിറോസ് ആരോപിച്ചു. ഈ പോസ്റ്റിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന്റെ തെളിവുകള്‍ മന്ത്രി പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മന്ത്രി ഉദ്യോഗാര്‍ഥിയെ ക്ഷണിച്ചു കൊണ്ടുവന്ന് ജോലി കൊടുക്കുന്ന രീതി കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡപ്യൂട്ടേഷന്‍ വഴി നടത്തിയിരുന്ന ഈ നിയമനത്തിന് ആവശ്യമായ യോഗ്യതയില്‍ മാറ്റംവരുത്തിയാണ് ബന്ധുവിനെ നിയമിച്ചതെന്നും ഫിറോസ് ആരോപിച്ചു. ഈ പോസ്റ്റിന് ആവശ്യമുള്ള യോഗ്യതയായ എംബിഎ യോഗ്യത മന്ത്രി ബന്ധുവിന് ഉണ്ടായിരുന്നില്ല. ബിടെക്കും ബാങ്കിങ് രംഗത്തെ പ്രമോഷന് ആവശ്യമായ പിജിഡിബിഎ എന്ന ഡിപ്ലോമയും മാത്രമാണ് ഇയാള്‍ക്കുള്ളതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
മന്ത്രി ജലീല്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും. സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ മിഷനില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ മുന്‍പ് ഉന്നയിച്ച ആരോപണത്തില്‍ പ്രാഥമിക അേേന്വഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി, തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ആ അന്വേഷണം നടന്നുവരികയാണ്. ഈ അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും യൂത്ത ലീഗ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു