Madhavam header
Above Pot

ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ധൃതികാട്ടരുത് : കവയിത്രി സുഗതകുമാരി

തിരുവനന്തപുരം : ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ധൃതികാട്ടരുതെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. കോടതി വിധി മാനിക്കണം. എന്നാൽ ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസ പ്രശ്നം കൂടിയായതിനാൽ ധൃതിപിടിച്ചു നടപ്പിലാക്കാൻ ശ്രമിക്കരുത്. ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കണം. പരസ്പരം പോരടിക്കാതെ സർക്കാരും വിശ്വാസി സമൂഹവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. ശബരിമല വിഷയം സമാധാനപരമായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മതനേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുഗതകുമാരി.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല. അയ്യപ്പന്റെ ബ്രഹ്മചര്യം യുവതികളെ കണ്ടാൽ ഇല്ലാതാകുന്നതുമല്ല. എന്നാൽ കാലങ്ങളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരം സംരക്ഷിക്കപ്പെടണം. അയ്യപ്പനെ കാണാൻ പോകുന്ന ആരെയും ഇതിന്റെ പേരിൽ തടയരുതെന്നും അവർ പറഞ്ഞു.

Astrologer

നന്ദാവനത്തെ സുഗതകുമാരിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം,പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രൻ, ശാന്തി സമിതി വൈസ് ചെയർമാൻ ഫാ. യൂജിൻ പെരേര, സെക്രട്ടറി ജെ.എം. റഹിം, കൺവീനർ ആർ. നാരായണൻ തമ്പി, ഗാന്ധി ദർശൻ നേതാവ് വി. സുകുമാരൻ എന്നിവർ പങ്കെടുത്തു

Vadasheri Footer