ഗുരുവായൂർ കെഎസ്ആര്‍ടിസി “യാത്ര ഫ്യൂവല്‍സ്” മന്ത്രി ഉൽഘാടനം ചെയ്തു.
ഗുരുവായൂർ : കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് കെ എസ് ആർ ടി സിയുടെ മൂന്നര സെന്റ് സ്ഥലം ഗുരുവായൂർ നഗരസഭക്ക് വിട്ടുനൽകിയതായി ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു അറിയിച്ചു. ഗുരുവായൂർ കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബസ്റ്റാന്റിന്റെ അതിർത്തിയിൽ നിന്ന് പുതിയ റോഡ് യാഥാർത്ഥ്യമാകുന്നതോടെ തീർത്ഥാടകർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗ്രാമവണ്ടി പദ്ധതി വിജയകരമായി മുന്നോട്ട് പോകുകയാണ്. യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകൾ വഴി ഗുണമേന്മയുള്ള ഇന്ധനം ജനങ്ങൾക്ക് എത്തിക്കും. ഇന്ധനവിലയുടെ പ്രതിസന്ധി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകൾ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുവായൂരിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വ്യാപാര സമുച്ചയം പണിയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി എൻ കെ അക്ബർ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി 5 കോടി രൂപ വിനിയോഗിച്ച് രണ്ടുനില കെട്ടിടം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ സെയിൽസ്) ദീപക് ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഐഒസിഎൽ സിഐബിഎം എൻ ബാലാജി, തൃശൂർ ക്ലസ്റ്റർ ഓഫീസർ ടി കെ സന്തോഷ്, ഗുരുവായൂർ നഗരസഭാ കൗണ്‍സിലര്‍ കെ പി ഉദയൻ, നഗരസഭാംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.