എടക്കഴിയൂരില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

">

ചാവക്കാട്: എടക്കഴിയൂര്‍ തെക്കേമദ്രസ ബീച്ചില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് തിമിംഗലത്തിന്റെ ജഡം തിരക്കൊപ്പം കരക്കടിഞ്ഞത്. 25 അടിയോളം നീളവും 15 അടി വീതിയുമുള്ള തിമിംഗലത്തിന് 10 ടണ്ണിനടുത്ത് ഭാരമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.ജഡത്തിന്ന് മൂന്നാഴ്ചയിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു.കാറ്റിന്റെ ഗതി കരയിലേക്കായതിനാലാണ് കരക്കടിഞ്ഞതെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.തിമിംഗലത്തിന്റെ തലഭാഗവും വാല്‍ഭാഗവും നഷ്ടപ്പെട്ട നിലയിലാണ്.ബാലീന്‍ എന്ന വിഭാഗത്തില്‍പ്പെട്ട തിമിംഗലത്തിന്റെ ജഡമാണ് കരക്കടിഞ്ഞതെന്ന് സമുദ്രശാസ്ത്രജ്ഞനായ ഡോ.സുജിത് സുന്ദരം പറഞ്ഞു.കൂട്ടമായി സഞ്ചരിക്കുന്ന ക്രില്ലകളും മറ്റുമാണ് ഇവയുടെ പ്രധാന ഭക്ഷണമെന്നു പറയുന്നു. കടലില്‍ അപകടത്തില്‍പ്പെട്ടായിരിക്കണം ചത്തതെന്നാണ് നിഗമനം. തിമിംഗലവേട്ട ഇന്ത്യയില്‍ നിരോധിച്ചതിനാലാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ കാരണം.ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി(ഐ.യു.സി.എന്‍) ന്റെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ട ജീവിയാണ് ബാലീന്‍ തിമിംഗലം.ജഡത്തിന് ആഴ്ചകളുടെ പഴക്കമുള്ളതിനാല്‍ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമുണ്ട്.പടിഞ്ഞാറന്‍ കാറ്റില്‍ ദുര്‍ഗന്ധം സമീപത്തെ വീടുകളിലേക്ക് എത്തുന്നതിനാല്‍ പരിസരവാസികള്‍ക്കും ഇത് ദുരിതമായി.ശനിയാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ ജഡം കാണാന്‍ ബീച്ചിലെത്തി.ശനിയാഴ്ച വൈകീട്ട് ഏഴോടെ പുന്നയൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജഡം കരയിലേക്ക് വലിച്ചുകയറ്റി.ഏറെ ശ്രമപ്പെട്ടാണ് ജഡം തീരത്ത് നിന്ന് കയറ്റിയത്.തുടര്‍ന്ന് കരയില്‍ കുഴിയെടുത്ത് ജഡം മറവുചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സുരേഷ് കുമാര്‍,വാര്‍ഡ് അംഗം എം.കെ. ഷഹര്‍ബാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors