
വയനാട്ടിൽ മുസ്ലിം ലീഗ് നിർമിച്ച 51 വീടുകൾ ദുരന്ത ബാധിതർക്ക് കൈമാറി

കൽപറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് മുസ്‌ലിം ലീഗ് വാഗ്ദാനം ചെയ്ത സ്‌നേഹഭവനങ്ങളിൽ 51 വീടുകൾ കൈമാറി. 105 സ്‌നേഹവീടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ നിർമാണം പൂർത്തീകരിച്ച വീടുകൾ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് കൈമാറിയത്. നിറകണ്ണുകളോടെയാണ് കുടുംബങ്ങൾ വീടുകളുടെ രേഖകളും താക്കോലും ഏറ്റുവാങ്ങിയത്.

മൂന്ന് ബെഡ്‌റൂമുകൾ, രണ്ട് ബാത്ത്‌റൂമുകൾ, അടുക്കള, വർക്കേരിയ, സിറ്റ്ഔട്ട്, ഡൈനിങ് – ലിവിങ് ഏരിയ ഉൾപ്പെടെ 1060 സ്‌ക്വയർ ഫീറ്റിലുള്ള വീടുകളാണ് ദുരിതബാധിതർക്കായി ലീഗ് നിർമിച്ച് നൽകിയത്. ഇതിന് പുറമേ കട്ടിലുകൾ, മെത്ത, സോഫ സെറ്റ്, മിക്‌സി, ഗ്രെയിന്റർ എന്നിവയടക്കം വിതരണം ചെയ്തിട്ടുണ്ട്. ഈ വീടുകളിലേക്കുള്ള ജലത്തിനായി കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ശക്തമായ അടിത്തറയോടെ നിർമിച്ച വീട് മുകളിലേക്ക് ആവശ്യമെങ്കിൽ ഉയർത്തുകയും ചെയ്യാം.

വയനാട് എംപി പ്രിയങ്കാ ഗാന്ധി മുഖ്യാതിഥിയായ ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സ്വാഗതവും പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി കെ ബഷീർ എംഎൽഎ റിപ്പോർട്ടും അവതരിപ്പിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി, സീനിയർ വൈസ് പ്രസിഡന്റ് ഡോ എം പി അബ്ദുസമദ് സമദാനി എംപി, ട്രഷറർ പി വി അബ്ദുൽ വഹാബ് എംപി, വൈസ് പ്രസിഡന്റ് കെ പി എ മജീദ് എംഎൽഎ, സെക്രട്ടരി ഹാരിസ് ബീരാൻ എംപി, ടി സിദ്ധീഖ് എംഎൽഎ, വയനാട് ജില്ല ജനറൽ സെക്രട്ടറി ടി മുഹമ്മദ്, പ്രോജക്ട് രൂപകൽപന ചെയ്ത ആർക്കിടെക്ട് ടോണി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

